ആറുപതിറ്റാണ്ട് നീണ്ട ഇന്ത്യ കുവൈത്ത് ബന്ധം ആഘോഷമാക്കാൻ ഒരുങ്ങി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ട് നീണ്ട സൗഹൃദ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്കും കുവൈത്തിനു മടയിലുള്ളത്. ഈ അറുപതാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് കുവൈത്തിലെ ഇന്ത്യൻ എംബസി. കോവിഡിന് ഇടയിലും സുരക്ഷാ മുൻകരുതലുകൾ എല്ലാം ഉൾക്കൊണ്ട് 2021 മുതൽ 2022 വരെ നീളുന്ന ആഘോഷ പരിപാടികൾ ആണ് സജ്ജീകരിക്കുക.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇതെന്നത് ആഘോഷങ്ങളുടെ മാറ്റുകൂട്ടും.
കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാനും രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ശാസ്ത്രീയ തലങ്ങളിൽ കുവൈറ്റ്-ഇന്ത്യൻ ബന്ധം കൂടുതൽ ശക്തമാക്കുന്നതും ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾക്കാണ് എംബസി ആതിഥേയത്വം വഹിക്കുക എന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വെർച്ചൽ കോൺഫറൻസിലാണ് അംബാസഡർ ഇക്കാര്യം പറഞ്ഞത്.
അതോടൊപ്പം പകർച്ചവ്യാധിയുടെ തുടക്കം മുതൽ അശ്രാന്തമായി പ്രവർത്തിച്ച കുവൈത്തിലെ ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകളെ അദ്ദേഹം അഭിനന്ദിച്ചു