കോവാക്സിന് അംഗീകാരം വൈകുന്നു; കൂടുതൽ വ്യക്തത തേടി ഡബ്ല്യു.എച്ച്.ഒ

ഭാരത് ബയോടെകിന്റെ കോവാക്സിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടി. കോവാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ യോഗം ചേർന്നിരുന്നെങ്കിലും വാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുകയായിരുന്നു. കോവാക്‌സിന്റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.

വാക്സിൻ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തിലാണ് കൂടുതൽ വ്യക്തത വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബർ മൂന്നിന് ചേരുന്ന യോഗത്തിൽ വാക്സീന്‍ സ്വീകരിച്ചാലുണ്ടാവുന്ന പ്രശ്നങ്ങളും നേട്ടങ്ങളും താരതമ്യം ചെയ്തുള്ള പഠനത്തിലെ ഫലം
ലോകാരോഗ്യ സംഘടന വിലയിരുത്തും.

ഭാരത് ബയോടെക് കോവാക്സിന്റെ അടിയന്തര അനുമതിക്ക് വേണ്ടി ലോകാരോഗ്യ സംഘടനയുടെ അനുമതി നേരത്തെ തന്നെ തേടിയിരുന്നു. കോവാക്സിന് ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും നിലവിൽ കോവാക്സിന് അംഗീകാരമില്ല.