നൂറ് കോടിയെന്ന ചരിത്ര നേട്ടം ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ നൂറ് കോടിയെന്ന ചരിത്ര നേട്ടം ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് നവഭാരതത്തിന്റെ പ്രതീകമാണെന്നും രാജ്യത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല, ഇതൊരു നാഴികക്കല്ലാണ്. രാജ്യത്തിന് ഈ നേട്ടം വളരെ വേഗത്തില്‍ തന്നെ കൈവരിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. കോവിഡിനെ തോൽപിക്കാൻ ഇന്ത്യക്ക് സാധിക്കുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് ഈ നേട്ടമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ നേട്ടങ്ങളെ അംഗീകരിക്കുന്നുവെന്നും ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പലരും പുച്ഛിച്ചു. എന്നാല്‍ വിളക്കു കത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ ഒരുമയാണ് തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷൻറെ കാര്യത്തിൽ വിവേചനമുണ്ടായിട്ടില്ലെന്നും വിഐപി സംസ്കാരത്തെ അകറ്റിനിര്‍ത്താൻ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.