ഔദ്യോഗിക അനുമതി വാങ്ങാതെ യാത്ര വേണ്ട‌: കുവൈറ്റിലെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം

കുവൈറ്റ്: സൈനിക-പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർക്ക് യാത്രാ നിയന്ത്രണങ്ങളുമായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം. മുന്‍കൂട്ടി അറിയിച്ച് ഔദ്യോഗിക അനുമതി വാങ്ങാതെ യാത്രകള്‍ പോകരുതെന്ന കര്‍ശന നിർദേശമാണ് പ്രതിരോധമന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ വിദേശത്തേക്കും മറ്റും പോയ ചില സൈനിക ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ നടപടി. ‌

പ്രതിരോധ മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും അനുമതി വാങ്ങാതെ വിദേശയാത്രകൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുദ്ധം, സുരക്ഷപ്രശ്നങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ കൊണ്ട് നിരോധനത്തിന്റെ പരിധിയില്‍ വരുന്ന ചില രാജ്യങ്ങളിലേക്കും ചിലർ പോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതോടെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.

പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായാണ് പുതിയ ഉത്തരവ് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. മിലിട്ടറി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്യത്തെ എൻട്രി-എക്സിറ്റ് പോർട്ടുകളുമായി ബന്ധിപ്പിക്കാനാണ് നീക്കം. കുവൈറ്റികൾ, ഗൾഫ് പൗരന്മാർ, പ്രവാസികൾ തുടങ്ങി സൈനിക മേഖലയിലെ ആരും തന്നെ മുൻകൂർ അനുമതി വാങ്ങാതെ പുറത്തു പോകരുതെന്ന് കര്‍ശനമായ നിർദേശം തന്നെ നടപ്പിലാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.