കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ കുവൈറ്റ്; സുരക്ഷാമുന്‍കരുതലുകൾ ശക്തമാക്കി

കുവൈറ്റ്: യുഎഇയ്ക്കും ബഹ്റൈനും പിന്നാലെ കുവൈറ്റിലും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ജനങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ തന്നെ രോഗത്തെ രാജ്യത്ത് നിന്ന് അകറ്റി നിർത്താൻ പറ്റാവുന്നത്ര പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയ രാജ്യങ്ങളിലൊന്നായിരുന്നു കുവൈറ്റ്. വിമാനത്താവളങ്ങളിലടക്കം സംശയമുള്ളവരെ വിദഗ്ധ പരിശോധന നടത്താനും വേണ്ടി വന്നാൽ ഐസോലേറ്റ് ചെയ്യാനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

എന്നിട്ടും രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇറാനിൽ നിന്നെത്തിയ മൂന്ന് പേർക്കാണ് കോവിഡ്-19 എന്ന കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇതിന്റെ വ്യാപനം തടയാൻ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. രാജ്യാതിർത്തികൾ, വിമാനത്താവളങ്ങൾ മുതൽ ആശുപത്രികൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കി.

ജനവാസം കൂടിയ അബ്ബാസിയ പോലുള്ള പ്രദേശങ്ങളിലും ആശങ്ക ശക്തമാണ്. അസുഖ ബാധിതരെ ശുശ്രൂഷിക്കുന്ന ആശുപത്രികളിൽ ജോലി ചെയ്യുന്ന പ്രവാസി നേഴ്‌സുമാർ ഉൾപ്പെടെയുള്ളവർ ഏറെ കരുതലോടെയാണ് കഴിയുന്നത്. ഇവർ വേണ്ടത്ര മുൻകരുതലുകൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.