കോവിഡ് 19: പ്രവാസികള്‍ക്കിടയിൽ വൈറസ് വ്യാപനം കൂടുന്നു; ശക്തമായ നിയന്ത്രണങ്ങൾ

കുവൈറ്റ്: പ്രവാസികള്‍ക്കിടയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി കുവൈറ്റ്. വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കാൻ കര്‍ശനമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്നത്.

പല പ്രവാസികള്‍ക്കും പറയത്തക്ക യാത്രാചരിത്രം ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ഇവരിൽ വൈറസ് ബാധ എങ്ങനെയുണ്ടായി എന്ന് കണ്ടു പിടിക്കാൻ സാധിക്കാത്തത് അധിക‍ൃതരെ ആശങ്കയിലാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ ഭൂരിഭാഗം പേർക്കും എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

പ്രവാസികൾ ധാരാളമായി താമസിക്കുന്ന മാൻബൂല, സാൽമിയ, ഫർവാനിയ, ജലീബ് മേഖലകളെല്ലാം തന്നെ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച പലരും താമസിക്കുന്നത് നൂറുകണക്കിന് പേർ കഴിയുന്ന കെട്ടിടങ്ങളിലാണെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

അധികൃതരുടെ നിരീക്ഷണത്തിലിരിക്കുന്ന പ്രദേശങ്ങളിൽ ഏതാണ്ട് 1105 പ്രവാസികൾ ഹോം ക്വാറന്റൈനിലാണ്. ഇവരാരും രോഗബാധിതരല്ലെന്നും മുൻകരുതൽ എന്ന നിലയ്ക്കാണ് നിരീക്ഷണത്തിലാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്.