വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ടി. എം. അബ്രഹാമിന്

0
8

തൃശൂർ : ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരത്തിന് പ്രമുഖ നാടക സംവിധായകനും, നാടകകൃത്തും, നാടക പരിശീലകനും വിവർത്തകനുമായ ടി. എം. അബ്രഹാം അർഹനായി. മേയ് 25ന് തൃശൂർ, കേരള സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന ഇപ്റ്റയുടെ 83-ാം വാർഷികാഘോഷ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ ജനകീയ നാടക പ്രസ്ഥാനങ്ങളുമായി ദീർഘകാലമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടി.എം. അബ്രഹാം, സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള നാടകാവതരണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങളും , അതിജീവനത്വരകളും ശ്രദ്ധേയമായ വിധം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ലോക നാടക വേദിയിലെ ചലനങ്ങളെ മലയാളിക്ക് പരിചയപ്പെടുതുന്നതിലും അദ്ദേഹം മുൻ നിന്ന് പ്രവർത്തിക്കുന്നു. അമേച്വർ – പ്രൊഫഷണൽ വ്യത്യാസമില്ലാതെ, അക്കാദമിക- അനക്കാദമിക വേർതിരിവുകളില്ലാതെ കലാകാരന്മാർക്കൊപ്പം ചേർന്നു നിൽക്കുന്ന വിശിഷ്ടമായ കലാവ്യക്തിത്വത്തിനു ഉടമയാണ് അദ്ദേഹം.

ഗ്രാമീണ കലാസംഘങ്ങളെയും യുവകലാകാരൻമാരെയും നാടക രംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പുരോഗമന കലാസാംസ്കാരിക പ്രസ്ഥാനങ്ങളുമായി ചേർന്ന് നിരവധി സാംസ്കാരിക ഇടപെടലുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. സാമൂഹികബോധവും കലാപരമായ മികവും ഒരുമിപ്പിച്ച സംഭാവനകളെ മാനിച്ചാണ് നാലാമത് വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ടി.എം. അബ്രഹാമിന് നൽകുന്നതെന്ന് ഇപ്റ്റ തൃശൂർ ജില്ലാ സെക്രട്ടറി വൈശാഖ് അന്തിക്കാട്, പ്രസിഡണ്ട് പി.ആർ.കൃഷ്ണകുമാർ എന്നിവർ വ്യക്തമാക്കി.