തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാ സൗജന്യവും പ്രഖ്യാപിച്ച് ടീം വിഡിഎസ്. ആശ വർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാൻ ധവളപത്രമിറക്കാനും ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കാനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.
ഇന്ദിരാ ഗ്യാരണ്ടിയിലെ ആദ്യ ഇനം.
സൗജന്യയാത്ര എങ്ങനെ വേണമെന്ന കൂടിയാലോചനക്ക് ജൂൺ പതിനഞ്ച് വരെ സമയം ഉണ്ട്. വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് വിശാല അർത്ഥത്തിലുള്ളതാണെന്നും വിപുലമാണെന്നും വിശദീകരിച്ചു വിഡി സതീശൻ. പത്ത് വർഷം നീണ്ട പിണറായി കാലത്തിന്‍റെ അവസാന ലാപ്പിൽ പ്രത്യക്ഷ പ്രതിഷേധത്തിന് പ്രതിപക്ഷത്തിന് വീണുകിട്ടിയ ആശാസമരക്കാരോടും വാക്കുപാലിക്കുകയാണെന്ന് എന്ന് മുഖ്യമന്ത്രി. താൽകാലിക ആശ്വാസമായി 3000 രൂപ. സാമ്പത്തിക സ്ഥിതിയും ബാധ്യതയും അറിയാൻ സാവകാശം എടുത്ത് ബാക്കി പിന്നാലെ.
വിരമിക്കൽ ആനുകൂല്യത്തിനു വേണ്ട പണച്ചെലവ് കണക്കാക്കാൻ വിദഗ്ധ സമിതി. ഒപ്പം അങ്കണവാടി ടീച്ചർമാർക്കും സഹായികൾക്കും പ്രിപ്രൈമറി അധ്യാപകർക്കും എല്ലാം ചെറുതുകകളുടെ ആശ്വാസം. ഖജനാവിന്‍റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിക്കും. ധവളപത്രം ഇറക്കും. വാഗ്ദാനങ്ങളിൽ നിന്നൊന്നും പുറകോട്ടില്ലെന്നാണ് ആദ്യ വാർത്താസമ്മേളനത്തിന്‍റെ ഉറപ്പ്. കീഴ്വഴക്കങ്ങൾ ഏറെ മാറേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലെ മാധ്യമ വിലക്കിടക്കം പുനപരിശോധന ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.






























