തിരുവനന്തപുരം: കുവൈത്തിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് കെഎംസിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി സതീശൻ, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ, ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, ഫിഷറീസ് & സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. പ്രവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, യാത്രാ ദുരിതങ്ങൾ, ഔദ്യോഗിക രേഖകൾ ലഭിക്കുന്നതിലെ സങ്കീർണ്ണതകൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ തലത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
വിദേശത്ത് സിബിഎസ്ഇ സിലബസിൽ പഠനം പൂർത്തിയാക്കി നാട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് പ്ലസ്-ടു, ഡിഗ്രി പ്രവേശനങ്ങളിൽ പ്രത്യേക സംവരണവും, ഗ്രേസ് മാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിൽ മുൻഗണനയും നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. ഒപ്പം, വിദേശത്ത് ജനിച്ച കുട്ടികൾക്ക് നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സങ്കീർണ്ണതകൾ ഒഴിവാക്കി, എംബസി രേഖകളും എസ്എസ്എൽസി സർട്ടിഫിക്കറ്റും അടിസ്ഥാനമാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാനും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
നോർക്ക ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് ഇൻഷുറൻസ് തുക കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും, കോമയിലായവരും ഗുരുതരാവസ്ഥയിലുള്ളവരുമായ പ്രവാസികളെ നാട്ടിലെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക യാത്രാ സഹായ സംവിധാനം ഏർപ്പെടുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. കൂടാതെ, കുവൈത്തിലേക്കുള്ള യാത്രയിലെ പ്രയാസങ്ങൾ, വിമാനത്താവളത്തിലെ സാങ്കേതിക തടസ്സങ്ങൾ, വിമാനങ്ങൾ റദ്ദാക്കപ്പെടുന്നത് മൂലം പ്രവാസികൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ എന്നിവ പരിഹരിക്കാൻ ഇന്ത്യൻ എംബസി മുഖേന അടിയന്തര ഇടപെടൽ നടത്തണമെന്നും, കുവൈത്തിലേക്ക് പുതുതായി വരുന്നവർക്ക് മെഡിക്കൽ പരിശോധനയുടെ പേരിൽ ചില ഏജൻസികൾ നടത്തുന്ന തട്ടിപ്പും അനാവശ്യ പരിശോധനകളും നിയന്ത്രിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമർപ്പിച്ചത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
































