കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്കായി പ്രത്യേക സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്താൻ കുവൈറ്റ്. പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി ഫെബ്രുവരി അവസാന വാരത്തിന് ശേഷം രാജ്യത്തെത്തിയ ആളുകളോട് രണ്ടാഴ്ച ക്വാറന്റ്റൈൻ ആകാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനാകും മുഖ്യമായും പരിശോധന നടക്കുക. ഇതിനായ ഒരു പരിശോധനാ ക്യാംപെയ്ൻ തന്നെ ആരംഭിക്കാനാണ് നീക്കം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ യാത്രാരേഖകൾ അടക്കം പരിശോധിക്കും. ഇവർ സർക്കാർ നിർദേശം പാലിച്ചിട്ടില്ലെങ്കിൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരി 27 നോ അതിനു ശേഷമോ രാജ്യത്തെത്തിയ പ്രവാസികളുടെ സിവിൽ ഐഡികൾ ആകും പരിശോധിക്കുക. ഇതിനു ശേഷം പ്രത്യേക സിസ്റ്റം വഴി ഇവരുടെ യാത്രകൾ സംബന്ധിച്ച് പരിശോധിക്കും.സർക്കാർ നിർദേശ പ്രകാരമുള്ള കാലയളവിൽ രാജ്യത്തെത്തിയിട്ടും ക്വാറന്റൈൻ നിർദേശം ഇവർ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.