മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തങ്ങളെ എതിർക്കുന്നവരെയെല്ലാം അവർ അർബൻ നക്സലുകളാക്കുകയാണെന്നാണ് രാഹുലിന്റെ വിമർശനം. ഭീമ കൊറേഗാവ് കേസ് അന്വേഷണം കേന്ദ്രം എൻഐഎയ്ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് രൂക്ഷവിമർശനങ്ങളുമായി രാഹുലിന്റെ പ്രതികരണം.

2018 ജനുവരി 1നാണ് പൂനെയിലെ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിൽ സംഘർഷം ഉണ്ടായത്. ബ്രിട്ടീഷുകാർക്കും ബ്രാഹ്മണരായ പെഷാവ ഭരണാധികാരികൾക്കുമെതിരെ ദളിത് പോരാളികൾ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കാൻ ദളിതുകൾ കൂട്ടത്തോടെ എത്തിയിരുന്നു. സംഭവത്തിൽ നിരവധി സാമൂഹ്യ പ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ കേസുകളെടുത്തിരുന്നു. ഈ കേസുകൾ തള്ളാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രം എൻഐഎയെ കേസേല്‍പ്പിച്ചത്.

കേന്ദ്ര നീക്കത്തെ രൂക്ഷമായി വിമർശിച്ച രാഹുൽ, പ്രതിരോധത്തിന്റെ സ്മാരകമാണ് ഭീമ കൊറേഗാവ്. കേന്ദ്രസർക്കാരിന്റെ സഹായികളായ എൻഐഎയ്ക്ക് ഒരിക്കലും പ്രതിരോധങ്ങളെ മായ്ക്കാനാകില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.