ഭരണഘടനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനസാഗരങ്ങളുടെ മഹാശ‍ൃംഖല തീർത്ത് കേരളം

കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധ നിലപാടുകൾക്കെതിരെ കൈകൾ കോര്‍ത്ത് പ്രതിരോധം തീർത്ത് കേരളം. ഇടതുപാർട്ടികളുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ കളിയിക്കാവിള വരെ തീർത്ത മനുഷ്യശ്യംഖലയിൽ ഏഴ് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് കണക്കുകൾ. വടക്ക് കാസർഗോഡ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായി തുടങ്ങിയ ചങ്ങലയുടെ അവസാന കണ്ണിയായത് ഇങ്ങ് കളിയിക്കാവിളയിൽ എംഎ ബേബിയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള പ്രമുഖർ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ശ്യംഖലയിൽ അണി ചേർന്നു. സമസ്ത എപി-ഇകെ വിഭാഗം നേതാക്കള്‍, മുജാഹിദ് വിഭാഗം, യാക്കോബായ സഭയിലെ മെത്രോപ്പോലീത്തമാർ അടക്കമുള്ളവർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ അണി ചേര്‍ന്നു. കശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമിയും മലപ്പുറത്ത് ചടങ്ങിൽ അണി ചേർന്നിരുന്നു.

ഭരണഘടനയുടെ ആമുഖം വായിച്ച് കൈകൾ ചേർത്ത് പിടിച്ച് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയാണ് ആയിരങ്ങൾ അണി ചേർന്നത്.