കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പുതിയ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂളുകളിലെ ജീവനക്കാരുടെ പെരുമാറ്റം, സാമ്പത്തിക ഇടപാടുകൾ, സോഷ്യൽ മീഡിയ ഉപയോഗം, വിദ്യാർഥികളുടെ സ്വകാര്യത, സ്കൂൾ കാന്റീനുകൾ എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിലാണ് പുതിയ നിയന്ത്രണങ്ങൾ.
പുതിയ സർക്കുലർ പ്രകാരം അധ്യാപകരിൽ നിന്നോ ജീവനക്കാരിൽ നിന്നോ വിദ്യാർഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ പണമോ സമ്മാനങ്ങളോ സംഭാവനകളോ ശേഖരിക്കുന്നതിനും സ്വീകരിക്കുന്നതിനും വിലക്കുണ്ട്. സ്കൂളുകളിൽ സാധനങ്ങളോ സേവനങ്ങളോ വിൽക്കുക, പരസ്യം ചെയ്യുക, ഔദ്യോഗിക പദവിയോ സ്കൂൾ സൗകര്യങ്ങളോ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുക എന്നിവയും നിരോധിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ സ്വകാര്യതയ്ക്കും പ്രത്യേക സംരക്ഷണം ഏർപ്പെടുത്തി. മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടുകയോ ചെയ്യരുത്. വിദ്യാർഥികളുടെ ചിത്രങ്ങൾ ജീവനക്കാരുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ ഗ്രൂപ്പുകളിലോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. വിദ്യാർഥികൾ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും വിവരങ്ങളും പുറത്തുവിടുന്നതും നിരോധിച്ചു.






























