കുവൈത്ത് സിറ്റി: കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ ഫ്ലമിംഗോക്കൂട്ടങ്ങൾ (Greater Flamingo) എത്തിത്തുടങ്ങി. പ്രത്യേകിച്ച് കുവൈത്ത് ഉൾക്കടലിലെ ആഴം കുറഞ്ഞ ജലപ്രദേശങ്ങളിൽ ആയിരക്കണക്കിന് ഫ്ലമിംഗോകൾ എത്തുന്നത് മനോഹരമായ പിങ്ക് കാഴ്ചയാണ് സമ്മാനിക്കുന്നത്.
ശൈത്യകാലത്ത് കുവൈത്തിലെത്തുന്ന പ്രധാന ദേശാടനപ്പക്ഷികളിൽ ഒന്നാണ് ഗ്രേറ്റർ ഫ്ലമിംഗോ. ഓഗസ്റ്റ് മുതൽ ഇവയുടെ വരവ് ആരംഭിക്കും. ശരത്കാലം, ശൈത്യകാലം, വസന്തത്തിന്റെ ആദ്യഘട്ടം എന്നിവയിൽ കുവൈത്ത് ഉൾക്കടൽ, ജഹ്റ റിസർവ്, സുലൈബിഖാത് ബീച്ച് തുടങ്ങിയ തീരപ്രദേശങ്ങളിൽ ഇവയെ കാണാം.
ശൈത്യകാല മാസങ്ങളിൽ ഇവയുടെ എണ്ണം വർധിക്കുകയും ചില വർഷങ്ങളിൽ 4,000 പക്ഷികൾ വരെ ഉണ്ടാകാറുണ്ട്. മാർച്ച് അവസാനത്തോടെയും ഏപ്രിൽ മാസത്തിലുമാണ് ഇവ പ്രജനന കേന്ദ്രങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്.
കുവൈറ്റിന്റെ തീരദേശ ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് ഫ്ലമിംഗോകൾ, ആഴം കുറഞ്ഞ ജലപ്രദേശങ്ങളിലും ചെളിത്തിട്ടകളിലും കാണപ്പെടുന്ന ആൽഗകൾ, സൂക്ഷ്മജീവികൾ, ക്രസ്റ്റേഷ്യനുകൾ എന്നിവയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്.





























