വി ഡി സതീശൻ ആർ എസ് എസിൻ്റെ ക്വട്ടേഷൻ പണിയെടുക്കുന്നു ; നാഷണൽ ലീഗ്

0
18

കോഴിക്കോട് : സംസ്ഥാനത്തിൻ്റെ വിശാലമായ മതേതര പാരമ്പര്യത്തെ കാറ്റിൽ പറത്തി ആർ എസ് എസിൻ്റെ തീർപ്പും തിട്ടൂരവും നടപ്പിലാക്കുന്ന ക്വട്ടേഷൻ പണിയാണ് മുഖ്യമന്ത്രി കസേരയിലിരുന്ന് വി ഡി സതീശൻ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അധികാരത്തിലേറിയ ഒന്നര മാസം കൊണ്ട് ആർ എസ് എസിൻ്റെ രഹസ്യ അജണ്ടകൾക്ക് ഒന്നര പതിറ്റാണ്ടിൻ്റെ കർമ്മ സാഫല്യം നൽകിയിരിക്കുകയാണ് സതീശൻ. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നതോദ്യോഗ നിയമനങ്ങൾ തൊട്ടാരംഭിച്ച ഈ കാവിവൽക്കരണ പ്രക്രിയ കലവറയില്ലാതെ തുടരുകയാണ് മുഖ്യമന്ത്രി. തൻ്റെ പാർട്ടിക്കോ ഭരിക്കുന്ന മുന്നണിക്കോ തന്നെ ഒരു ചുക്കും ചെയ്യാൻ സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ ഭാവം സംഘ്പരിവാറുമായുണ്ടാക്കിയ ഉറച്ച ഡീലിൻ്റെ കനത്ത ആഴത്തെയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാരുണ്ടെങ്കിൽ പാർട്ടിയുടെ അടിത്തറയെ തന്നെ ശിഥിലമാക്കുന്ന ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വരണം, സെക്രട്ടരിയേറ്റ് ആവശ്യപ്പെട്ടു.

മുന്നണിയെ വിശ്വാസത്തിലെടുക്കാതെ തന്നിഷ്ടം നടപ്പാക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ സഹകക്ഷികളെക്കുറിച്ച ശരിയായ തിരിച്ചറിവാണെന്നും വ്യക്തമാണ്. കുനിയാൻ പറയുന്നേടത്ത് മുട്ടിലിഴയാൻ ലീഗ് മന്ത്രിമാർ കാണിക്കുന്ന വ്യഗ്രതക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്നതാണ് സത്യം. മടിയിലെ കനത്തിൻ്റെ തൂക്കത്തോതിനനുസരിച്ചേ തലയും നട്ടെല്ലുമുയർത്താനാവൂ, സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ് ആധ്യക്ഷത വഹിച്ചു. സി പി നാസർ കോയ തങ്ങൾ, എൻ കെ അബ്ദുൽ അസീസ്, ബഷീർ ബഡേരി, ശർമ്മദ് ഖാൻ സാലിഹ് ശിഹാബ് തങ്ങൾ, എ എൽ എം കാസിം, സി എച്ച് മുസ്തഫ, അഡ്വ. ഒ കെ തങ്ങൾ, റഫീഖ് അഴിയൂർ, കെ എ ലത്തീഫ്, സാലിഹ് മേടപ്പിൽ, ഒ പി റഷീദ്, പി ടി ഷാജഹാൻ, കെ കെ മുഹമ്മദ്, പി കെ എസ് മുജീബ് ഹസ്സൻ , ബഷീർ അഹമ്മദ് ,യൂസുഫ് പാനൂർ സത്താർ കുന്നിൽ ചർച്ചയിൽ പങ്കെടുത്തു.