കോവിഡ് 19: യുഎഇയിൽ സമ്പൂർണ്ണ യാത്രാവിലക്ക്; റെസിഡൻസ് വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല

ദുബായ്: യുഎഇയിൽ റസിഡൻസി വിസക്കാർക്കും പ്രവേശന വിലക്ക്. കഴിഞ്ഞ ദിവസം രാത്രിയോടെ പുറപ്പെടുവിച്ച അടിയന്തിര വിലക്ക് ഇന്ന് ഉച്ചമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ അവധിക്കും വ്യാവസായിക ആവശ്യങ്ങൾക്കുമായി രാജ്യം വിട്ട ആളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ദേശീയ സുരക്ഷ കൗൺസിൽ പുറത്തു വിട്ട സർക്കുലറിൽ പറയുന്നത്. രണ്ടാഴ്ചത്തേക്കാണ് നിലവിലെ വിലക്ക് എന്നു പറയപ്പെടുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത് കൂടുതൽ നീളാനാണ് സാധ്യത.

സന്ദര്‍ശക-വാണിജ്യ വിസക്കാർക്ക് നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. റെസിഡൻസ് വിസക്കാർക്ക് ഇതാദ്യമായാണ് വിലക്ക്. സ്വദേശികൾ, നയതന്ത്ര പാസ്പോർട്ട് ഉള്ളവർ, ഖത്തറൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരെ വിലക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.