സാമ്പത്തിക തട്ടിപ്പ്; ദുബായിൽ മലയാളി യുവതിക്ക് അരക്കോടിയിലേറെ രൂപ പിഴ വിധിച്ച് കോടതി

ദുബായ്: തൊഴിൽ ചെയ്ത സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി യുവതിക്ക് അരക്കോടിയിലേറെ രൂപ പിഴ വിധിച്ച് ദുബായ് കോടതി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയായ യുവതിയാണ് ആണ് തട്ടിപ്പ് നടത്തിയത്. 2019-20 കാലത്ത്് ഇവർ ദെയ്റ അരൂഹാ ടൂർസ് ആൻഡ് ട്രാവൽ എന്ന സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ  ജീവനക്കാരിയായിരുന്നു. ഇക്കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ രേഖകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണത്തിൽ തിരിമറി നടത്തി എന്നായിരുന്നു ആരോപണം. ടിക്കറ്റ് ബുക്കിങ് , വീസാ സേവനങ്ങൾ എന്നിവയുടെ പേരിൽ നിരവധി പേരെ ഇവർ വഞ്ചിച്ചതായും പരാതിയുണ്ടായിരുന്നു .  മുറാഖാബാദ് പൊലീസ് സ്റ്റേഷനിലാണ് കമ്പനി അധികൃതർ പരാതി നൽകിയത്

തുടർന്ന്  നടത്തിയ അന്വേഷണത്തിൽ  യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തി. കോടതി വർക്ക് 3,32,892 ദിർഹം പിഴയും ഒരു മാസം തടവും  ശേഷം നാടുകടത്താനും വിധിച്ചു. പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയും കോടതി ശിക്ഷ 3,32,892   ദിർഹം  പിഴ മാത്രമാക്കി ചുമത്തുകയും  ചെയ്തു.  പിഴ അടച്ചു തീർത്താൽ മാത്രമേ യുവതിക്ക് ഇനി യുഎഇ ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ .

കമ്പനിക്ക് ഉണ്ടായ ബാധ്യതകൾ തീർക്കാൻ പ്രതിയിൽ നിന്നു നഷ്ടപരിഹാരം കൂടി ഈടാക്കണം എന്നാവശ്യപ്പെട്ട് കമ്പനി പ്രതിനിധികൾ ഇവർക്കെതിരെ സിവിൽ  കേസ് നൽകും എന്നാണ് വിവരം.