മമ്മൂട്ടി . പകരം വെക്കാനില്ലാത്ത അഭിനയ  ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ 

0
15
മമ്മൂട്ടി അശാന്തമായ പർവതങ്ങളിൽ ധ്യാനിയായിരിക്കുന്നൊരു സെൻഗുരുവാണ്. തന്നിലൂടെ കടന്നു പോയ ഒരൊറ്റ ആന്തലുകൾക്കും പിടികൊടുക്കാതെ തികച്ചും ശാന്തനായിരുന്ന് ചുറ്റുപാടും അസാധ്യമായ ഓറ പരത്തുന്നൊരു ബുദ്ധ സന്യാസി.
“ബൈ ചാൻസിന് കിട്ടിയതാണെങ്കിലും നല്ല പേര്. വിശ്വനാഥൻ ,വിശ്വത്തിന്റെ നാഥൻ,അതായത് ദൈവം”. ഡൽഹിയിലെ പ്രൗഢഗംഭീരമായ രജ്പത് റോഡിൽ താൻ ദൈവമാണെന്ന് സ്വയം വിളിച്ചു പറയുന്ന അസുരവേഷം കെട്ടിയ ഒരു നായകനെ വില്ല്യാപ്പള്ളി ആരാധനാ തീയെറ്ററിന്റെ ഓല മേഞ്ഞ വലിയ സ്ക്രീനിൽ കണ്ടത് ഇന്നുമോർക്കുന്നു. മലയാള സിനിമയുടെ വിശുദ്ധ നാട്യകലകൾ മുഴുവൻ തൂക്കുന്ന ദൈവപ്പുരയുടെ ഒത്ത നടുക്ക് ഫ്രെയിം ചെയ്തൊരു ഫോട്ടോ ആണിയടിച്ചു തൂക്കി, ആ മുറിക്കുള്ളിലെ കംപ്ലീറ്റ് പവർപാക്കഡ് ദൈവമായി അയാൾ എന്നെന്നേക്കുമായി സ്വയം അവരോധിക്കപ്പെട്ടു.
“പെരുന്നാള് വരുമ്പോ കാണാൻ പാടില്ലാത്ത ഒരാളുടെ കൂടെ തമ്പുരാൻ ഡാൻസ് ആടുവായിരുന്നു” എന്നു പറയുന്ന അതേ സെക്കന്റിൽ മെഴുകുതിരികളുടെ സകല വെളിച്ചവും അയാളുടെ മുഖത്തേക്ക് പാളിയെത്തുന്ന ഒരു സെക്കൻഡിന്റെ മൂന്നിലൊന്ന് വരുന്ന ഒരു സമയമുണ്ട്. സിനിമാസ്വാദനം ലോക ഭാഷകളിലേക്ക് കടന്നപ്പോൾ ആ ഒരു കാൽ സെക്കന്റ് സമയത്തെ ഞാൻ പല മുഖങ്ങളിലും പരതി നടന്നിട്ടുണ്ട്,ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.
ആയുധമെടുക്ക്!
ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ഒരു കാലത്തും നിങ്ങളെക്കൊണ്ടു കഴിയില്ലെന്ന് കണ്ണുകൾ കൊണ്ടുപോലും പറഞ്ഞു രാജ്യത്തെ മികച്ച നടന്മാരെ അവസാന ലാപ്പിൽ ഏറെ പിന്നിലാക്കി ആ വർഷത്തെ ഏറ്റവും മികച്ച നടനായി അയാൾ തെരഞ്ഞെടുക്കപ്പെട്ടു. ഭാവ പകർച്ചയിൽ ശബ്ദവിന്യാസത്തിന്റെ പരിപൂർണ്ണത ലോക നിലവാരത്തിലാണ് എന്ന ജൂറിയുടെ സൂക്ഷ്മമായ വിലയിരുത്തൽ.
കണ്ടാ ,വിളിക്കണ കണ്ടാ! സമാധാനിപ്പിക്കണതാണ്. കരയണ്ടന്ന് പറയാ , സമാധാനിപ്പിക്കാൻ . പിതൃ താപങ്ങളുടെ ചെങ്കടലിലേക്ക് അയാൾ ഒറ്റക്ക് ഒരു തോണി തുഴഞ്ഞു പോയപ്പോൾ ആ കടലിനോളം കരഞ്ഞുപോയ പ്രേക്ഷകന്റെ നൊമ്പരത്തിന് ഭാവാഭിനയം മാത്രമല്ല മലയാള ഭാഷാ വൈവിധ്യങ്ങളെ ആത്മാവിൽ പെറുക്കി വെച്ചുള്ള അയാളുടെ മൊഴിവഴക്കവും പ്രധാന കാരണമായി.
ഏഴു മലയാളിക്ക് എഴുപത് മലയാളമുള്ള നാട്ടിൽ തെക്കു മുതൽ വടക്കേ അറ്റം വരെ ഏതാണ്ട് എല്ലാ വാമൊഴികളും പറഞ്ഞ മമ്മൂട്ടി ,മലയാളിയുടെ സിനിമാസ്വാദന നിലവാരത്തെ സദാ ഉയർത്തിക്കൊണ്ടിരുന്നു.
ഷേണായിയുടെ കാസർഗോഡൻ വാമൊഴിയിൽ നിന്നും ശേഷം മലബാറിന്റെ വടക്ക് ഭാഗത്തേക്ക് വരൂ, പൂർണ്ണമായും മറ്റൊരു ശരീരവും മറ്റൊരു ഭാഷയും കൊണ്ട് ജന്മിത്വം കൈമുതലാക്കിയ ഒരു മനുഷ്യനെ കാണാം .പ്രാദേശിക ഭാഷാ ഭേദങ്ങളെ അത്രമേൽ ചേർത്തുവെച്ച് മുരിക്കിൻകുന്നത്ത് അഹമ്മദ്ഹാജി.
ഏറനാടൻ ഭാഷയുടെ നടുക്കഷണമായ മലപ്പുറത്തേക്ക് മലയാളത്തിൽ ഒരു നടനും മമ്മൂട്ടി യാത്രപോയതു പോലെ സഞ്ചരിച്ചിട്ടുണ്ടാവില്ല . ഒരോ നാട്ടുവഴികളിലെ ചെറിയ പറച്ചിലുകൾ പോലും മന:പാഠമാക്കി ഈ മനുഷ്യൻ സ്വയമൊരു മൈക്രോസ്കോപ്പ് കൊണ്ട് സൂക്ഷ്മമായി തന്റെ ബുദ്ധിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നത് എങ്ങനെയാകും.?
അത്യാഗ്രഹത്തിനും ജീവിതത്തിനുമിടയിൽ പുണ്യാളനെ മധ്യസ്ഥനാക്കിക്കൊണ്ട് അയാൾ ഭംഗിയായും അഭംഗിയായും തൃശൂർ ഭാഷ ജോറായി സംസാരിക്കുന്നുണ്ട്. അച്ചൂട്ടിയുടെ ഭാഷ ആലപ്പുഴയുടെ ഓമനപ്പുറം കടപ്പുറത്തെ അരയന്റെ അതേ നാട്ടുഭാഷയായി.
കോട്ടയത്തുകാരൻ മുഹമ്മദ്കുട്ടി മധ്യ തിരുവിതാംകൂർ ഭാഷയിൽ നടിച്ച സോ കോൾഡ് അച്ചായൻമാരെ കണ്ട് അത്ഭുതപ്പെടാനായി ഒന്നുമില്ല , കാരണം അയാളത് കണ്ടറിഞ്ഞു വളർന്ന ഭാഷയാണ്. പക്ഷെ മലബാറിലെ ആസ്വാദകർക്ക് അതൊരു രസക്കൂട്ടായി മാറി.
നിരന്തരമായി കളിയാക്കപ്പെടലുകളേറ്റു വാങ്ങിയ ഏറ്റവും തെക്കുള്ള വാമൊഴിയെ അയാൾ ഒരൊറ്റ സിനിമയിലൂടെ തന്റെ തുമ്പിക്കൈയ്യിൽ എടുത്ത് ചുഴറ്റി പരിഹസിച്ചവരുടെ നടുവിലേക്ക് തന്നെ എറിഞ്ഞു കൊടുക്കുന്നുണ്ട്. കൈരളിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള ആ ഭാഷയിലും കണ്ണീരും ആഘോഷവുമുണ്ടെന്ന് കാട്ടിത്തന്നു.
അന്യഭാഷയുടെ അതിരുകൾ പലപ്പോഴായി ഭേദിക്കുമ്പോളും അയാളുടെ വേഷങ്ങൾക്ക് സ്വയം ശബ്ദവും പകർന്നു, തെലുങ്കുo കന്നടയും ഹിന്ദിയും ഇംഗ്ലീഷും പറയേണ്ടി വന്നപ്പോഴും സ്വന്തം ഭാവങ്ങൾക്ക് മറ്റൊരു ശബ്ദം തേടി പോകാൻ അയാൾ ആരെയും അനുവദിച്ചില്ല,സ്വന്തം സ്വത്വത്തിലുള്ള ബോധ്യം കൊണ്ടാണത്. അതാണ് മുഹമ്മദ് കുട്ടിയെ ഇന്നത്തെ മമ്മൂട്ടിയാക്കിയതും. മമ്മൂട്ടിയുടെ വളർച്ചക്ക് പിന്നിൽ ഒരാൾ മാത്രമേയുള്ളൂ ,അത് മമ്മൂട്ടി മാത്രമാണ്.
ഏത് കഥാപാത്രത്തിലേക്കും അയാൾ ശരീരം കുശവന്റെ കളിമണ്ണുപോലെ ഇറക്കി വെച്ചു. മുഹമ്മദ് കുട്ടിയെ അതിലെങ്ങും ഒരു തുള്ളി പോലും കണ്ടില്ല എന്നതാണ് സത്യം. അതികഠിനമായാണ് ഒന്നിൽ നിന്നു മറ്റൊന്നിലേക്കയാൾ മുങ്ങിപൊങ്ങുന്നത്. എത്ര കുടഞ്ഞു കളഞ്ഞാലും പറ്റിപ്പിടിച്ചു നിൽക്കുന്ന ‘കാട്ടുപുല്ലു’ പോലെ തന്നിലേക്ക് ഒട്ടി നിന്ന ഓരോ മനുഷ്യരെയും വളരെ പണിപ്പെട്ടാകുമയാൾ ഓരു രൂപത്തിൽ നിന്നും മറ്റൊന്നിലേക്ക് കുടഞ്ഞു കളയുന്നത്.
ശബ്ദവും രൂപവും പണിയായുധമാക്കി, ഇരിപ്പിലും നടപ്പിലും ചെറിയ നോട്ടത്തിൽ പോലും കഥാപാത്രങ്ങളുടെ വൈകാരിക ഭാവനകളെ അയാൾ സ്ഫുടം ചെയ്തെടുക്കുന്നു.
ഇത് എഴുതുമ്പോഴും അയാളാടിയ പലവിധം വേഷങ്ങളും ഭാവങ്ങളും ഇവിടെ പരാമർശിക്കാതെ സമുദ്രം പോലെ പരന്നു കിടക്കുന്നുണ്ട്.
മമ്മൂട്ടി വേഷങ്ങളിൽ ഏറ്റവുമിഷ്ടം അയാൾ അഴിഞ്ഞാടിയ ഒരു ചരിത്ര സിനിമയോടാണ്. അതെ ഭീം റാവു അംബേദ്കർ തന്നെ. ഇന്ത്യൻ സിനിമയെ പുതിയൊരു തലമുറ അന്വേഷിക്കുമ്പോഴും പഠിക്കുമ്പോഴും ആ സിലബസ്സിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് മമ്മൂട്ടിയും അദ്ദേഹത്തിന്റെ ബാബാ സാഹിബ് അംബേദ്കറും ആയിരിക്കുമെന്നതിൽ സംശയമില്ല.
ഭാഷകൊണ്ടും ഭാവം കൊണ്ടും, പുഴകൾ മുഴുവൻ ജ്ഞാനസ്നാനപ്പെട്ട് ഒരൊറ്റ കടലാലാകുന്നത് പോലെ മലയാളസിനിമ അയാളിലേക്ക് ചേർന്നു നില്ക്കുന്നൊരു സമയം വരും. കൊളംബസിന് ലോകമറിയാൻ കടൽ വഴികളുടെ ഭൂപടം വരച്ചു കൊടുത്ത ടോച്ചനല്ലി എന്ന നാവികനെ പോലെ അയാൾ മലയാളത്തെ ലോകസിനിമയിലേക്ക് വഴിതെളിയിച്ച നാവികനാകും.
പ്രതാപപൂർവമായ ഒരു തറവാടിന്റെ എല്ലാ വാതിലുകളും തുറന്നിട്ട് ഒരു മഴയിലും മഞ്ഞിലും കാറ്റിലും ഉലയാതെ ഉമ്മറത്ത് കാത്തിരിക്കുന്നൊരു മനുഷ്യനെ പോലെ പതിറ്റാണ്ടുകളായി അയാളിവിടെ ഇരിക്കുന്നു. പുതു രൂപങ്ങളെ, ഭാവങ്ങളെ തന്നിലേക്ക് ചേർത്തു വെക്കാനായി.അയാൾ നടനിൽ നിന്നും മഹനടനിലേക്കു നടന്നു ധാന്യമാക്കിയ ഓരോരോ വഴികൾക്ക് വേണ്ടിയും കാലമിന്ന് അറുപത്തി ഒൻപത് സുവർണ പാദുകങ്ങളൊരുക്കുന്നു .
പ്രതീക്ഷയുടെ ദേവാലയങ്ങളിൽ ഞാനെപ്പോഴും മമ്മൂട്ടിക്കായി ഒറ്റനാണയം നേർച്ചയിടുന്നു,അത് അയാളൊരു വേഷം കെട്ടി കെട്ടിയാടുന്നത് കാണാനുള്ള കൊതികൊണ്ടാണ്. കാത്തിരിപ്പിന്റെ തിയേറ്ററിൽ ഞാൻ വരിക്കു നിന്നൊരു ടിക്കറ്റെടുക്കുന്നു,അപ്പോൾ ചുറ്റും ഇരുട്ടിലേക്കൊരു വെളിച്ചം പടരുന്നു.
“പണ്ട് പണ്ട് ഓന്തുകൾക്ക് മുമ്പ് ദിനോസറുകൾക്കും മുമ്പ് രണ്ട് ജീവ ബിന്ദുക്കൾ നടക്കാനിറങ്ങുമ്പോൾ, കർമ പഥങ്ങളുടെ അകൽച്ചയും ദുഃഖവും മാത്രമുള്ള സ്നേഹരഹിതമായ ഭൂമിയുടെ പിറവി നടക്കുന്നു. അവിടെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറ്റുമാടങ്ങളുടെ നടുവിൽ ഒരു ചാരനിറത്തിലുള്ള ബസ്സുവന്നു നിൽക്കുന്നു. . വരും വരായ്കകളുടെ ഓർമകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും .
അരയാലിലകളിൽ കാറ്റുപിടിക്കുന്ന,കരിമ്പനകളുടെ ഉച്ചിയിലൂടെ അസ്തമയ സൂര്യൻ്റെ ചോര വാർന്നു വീഴുന്ന സന്ധ്യകളിൽ ആത്മായനങ്ങൾ വരഞ്ഞ ഖസാക്കിൻ്റെ വരണ്ട ജീവിത യാഥാർഥ്യങ്ങൾ കാഴ്ചയിൽ തെളിയുന്നു.
ജന്മാന്തരങ്ങളുടെ ഇടത്താവളങ്ങളിലൊന്നായ കൂമൻകാവിൽ ബസ്സിറങ്ങുന്ന രവിയെ കാണുന്നു. കാമറ രവിയുടെ ഒരു ക്ലോസ് ഫ്രെയിം ഒപ്പിയെടുക്കുന്നു.
അഭിനയ സപര്യയുടെ ഒരു അതികായന രവിയിൽ ഉൾച്ചേരുന്നത് കാണാം. അതെ ,മഹാനടൻ രവിയാകുന്നു. ചെമ്മൺ പാതയിലൂടെ അയാൾ നടക്കുമ്പോൾ ഏതോ ഏറു മാടത്തിലിരുന്നു ഒരാളൊരു പാട്ടു മൂളുന്നുണ്ട്. സ്വപ്ന സിനിമ തുടങ്ങുകയാണ്….!
Happy Birthday Megastar ❤️
© Sai Sangeeth | CINEMA PARADISO CLUB