മലയാളി ഡ്രൈവറുടെ സത്യസന്ധത: അഭിനന്ദിച്ച് ദുബായ് പൊലീസ്

ദുബായ്: ബസ് യാത്രക്കാരിലൊരാൾ മറന്നു വച്ച വലിയ തുക പൊലീസിനെ ഏൽപ്പിച്ച ഡ്രൈവറെ അഭിനന്ദിച്ച് ദുബായ് പൊലീസ്. മലയാളിയായ അഭിഷേക് നാഥ് ഗോപിനാഥിനെയാണ് ദുബായ് പൊലീസ് പ്രശംസാ പത്രം നൽകി ആദരിച്ചത്. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ഡ്രൈവറാണ് അഭിഷേക്, കഴിഞ്ഞ ദിവസം ബസ് യാത്രക്കാരിലൊരാള്‍ 20000 ദിര്‍ഹം ( നാലുലക്ഷത്തോളം രൂപ) ബസിൽ മറന്നു വച്ചു.

ബസിൽ പണം ശ്രദ്ധയിൽപെട്ട അഭിഷേക് അത് ഉടൻ തന്നെ നയിഫ് പൊലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കുകയായിരുന്നു. ഇത്തരം വ്യക്തികളാണ് സമൂഹത്തിന് മാതൃകയാകേണ്ടതെന്ന് വ്യക്തമാക്കിയാണ് അഭിഷേകിന്റെ ആത്മാർത്ഥതയെയും സത്യസന്ധതയെയും ദുബായ് പൊലീസ് അഭിനന്ദിച്ചത്.