തട്ടം തോന്നിപ്പിക്കുന്നത്‌ : (സുജി മീത്തൽ )

———————-
തട്ടം ശീലമായതോണ്ട്‌ ധരിക്കുന്നവരുണ്ട്‌ ഭാരമായി കരുതുന്നവരുണ്ട്‌ ഉഷ്ണകാലത്ത്‌ പ്രയാസമായതോണ്ട്‌ ഉപേക്ഷിക്കുന്നവരുണ്ട്‌ വിശ്വാസിയായിരിക്കണമെങ്കിൽ തട്ടം ധരിച്ചേ ഒക്കൂന്ന് കരുതുന്നവരുണ്ട്‌…വിശ്വാസവും തട്ടവും തമ്മിൽ യാതൊരു ബന്ധവുമില്ല അതൊരു സംസ്കാരത്തിന്റെ ഭാഗം മാത്രമായിരുന്നൂന്ന് കരുതുന്നവരുണ്ട്‌… ഒരിക്കൽ തട്ടം ജീവിതത്തിന്റെ ഭാഗമായിരുന്നവരും പിന്നീട്‌ അതുപേക്ഷിക്കുന്നവരേയും കണ്ടിട്ടുണ്ട്‌… ജീവിതത്തിന്റെ ഒരു പോയിന്റിലെത്തുമ്പോൾ തന്റെ സൃഷ്ടാവിനെക്കുറിച്ചുള്ള തെളിച്ചമുള്ള ബോധ്യം വരുന്നതാണ്‌ അതിനുകാരണമെന്ന് തോന്നീട്ടുണ്ട്‌…
ഒരിക്കൽ മോളോട്‌ നീ തട്ടമിടാത്തതെന്തേന്ന് ആരെങ്കിലും ചോദിച്ചാൽ എന്തുപറയുമെന്ന് ചോദിച്ചപ്പോൾ ദൈവം സ്ത്രീകളുടെ ശത്രുവല്ല അത്യുഷ്ണത്തിലും ഇങ്ങനെ മൂടിപ്പുതച്ച് നടക്കാൻ പറയാനെന്ന് പറയുകയുണ്ടായി… അതാണ്‌ യുക്തീന്ന് തോന്നീട്ടുണ്ട്‌… നീതിയും യുക്തിയും ദൈവികമാണെന്നും ഉറച്ച്‌ കരുതുന്നു….
തട്ടം ധരിക്കുന്നതും ധരിക്കാത്തതും അവളവളുടെ ചോയ്സാവണമെന്നേ തോന്നീട്ടുള്ളൂ… നിർബന്ധിച്ച്‌ അഴിപ്പിക്കുന്നതും ധരിപ്പിക്കുന്നതും അക്രമണമാണ്‌…ധരിക്കുകയാണെങ്കിലും അഴിക്കുകയാണെങ്കിലും രണ്ടായാലും അവളവളുടെ തീരുമാനമാവണം… സ്ത്രീകളുടെ കാര്യത്തിൽ മാത്രാണല്ലൊ ഈ ധരിപ്പിക്കലും അഴിപ്പിക്കലുമൊക്കെ തകൃതിയായി സമൂഹത്തിൽ നടക്കുന്നുള്ളൂ…
സമുദായത്തിൽ എപ്പോഴും സ്ത്രീകൾ ആൺ ബോധ്യത്തിന്റെ പാവകളാണല്ലൊ… തട്ടമിട്ടവളുടെ നേട്ടമെണ്ണീട്ട്‌ ഒരു കാര്യവുമില്ല അതവളുടെ മനസ്സാലുള്ള ചോയിസാണോ എന്നിടത്താണ്‌ കാര്യത്തിന്റെ കാതലുള്ളത്‌… പാപബോധം ധരിപ്പിക്കുന്ന ഒന്നും സ്വയം തിരഞ്ഞെടുക്കലല്ല… കുറ്റബോധവും കുറ്റപ്പെടുത്തലും ഒരാളെ തട്ടമിടിക്കുന്നെങ്കിൽ അത്‌ എന്റെ ചോയിസല്ലേയല്ല… എന്റെ അടിമത്തമാണ്‌… എന്നാൽ ഒരാൾ തട്ടം എന്റെ വസ്ത്രമായി സ്വയം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത്‌ അവളുടെ ചോയിസുമാവും….
തട്ടം അഴിച്ചതുകൊണ്ട്‌ സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഏതോ പദവിൽ കേറി ഭയങ്കരമാന എന്തോനേടിയെന്നൊന്നും തരിമ്പുമില്ല വിശ്വാസം അടിമത്വം എടുത്ത്‌ കളയേണ്ടത്‌ മനസ്സീന്നാണ്‌ അത്‌ തലയിലേയോ ശരീരത്തിലേയോ ഒരുതുണ്ട്‌ വസ്ത്രത്തിൻ മേലല്ല കുടികൊള്ളുന്നത്‌… നൂറ്റാണ്ടുകളായി പാട്രിയാർക്കിയൽ സമൂഹം ചാർത്തിതന്ന അടിമത്വം തന്റെ ബോധ്യങ്ങളിൽ നിന്നാണ്‌ പറിച്ചുമാറ്റേണ്ടത്‌…ഏത്‌ പാർട്ടിയിലാണ്‌ ഏത്‌ സമൂഹത്തിലാണ്‌ ഏത്‌ സംസ്കാരത്തിലാണ്‌ ഏത്‌ മതത്തിലാണ്‌ എത്‌ രാജ്യത്താണ്‌ സ്ത്രീകൾക്ക്‌ തുല്യപദവി അനുവദിച്ചിട്ടുള്ളത്‌…
തട്ടമിട്ട സ്ത്രീകളുടെ നേട്ടങ്ങളുടെ ഓഡിറ്റ്‌ നടത്തുന്നതിനുമുൻപ്‌ സ്ത്രീകൾ സമൂദായത്തിനകത്ത്‌ അനുഭവിക്കുന്ന ഇരട്ട നീതിയെക്കുറിച്ച്‌ ഒരു വിലയിരുത്തൽ നടത്തി നോക്കൂ‌… തട്ടത്തെ വിട്ടേക്ക്‌ ബാക്കികാര്യങ്ങളിലൊക്കെ നീതി നടപ്പാക്കുന്നുണ്ടോ… അവൾക്ക്‌ പള്ളിക്കകം കാണാമോ ഖബർസ്ഥാനിൽ യഥേഷ്ടം കയറി ഇറങ്ങാമോ ജുമുഅ കുത്തുബ ഇമാമിന്‌ അഭിമുഖമായിരുന്ന് കേൾക്കാവോ പ്രിയപ്പെട്ടവരുടെ മയ്യത്ത്‌ മറവുചെയ്യുമ്പ്പോൾ അവിടെ സന്നിതരായി കണ്ണീരോടെ അവസാനമായി ഒരുപിടി മണ്ണിടാവോ സദസ്സുകളിൽ മുൻ നിരയിൽ ഇരിക്കാവോ പുരുഷനൊപ്പം വേദി പങ്കിടാമോ… എന്തൊരയിത്തമാണ്‌ മുല്ലമാർ സ്ത്രീകൾക്ക്‌ മേൽ കൽപ്പിച്ചുകൂട്ടുന്നത്‌… സ്റ്റേജിൽ കേറി സമ്മാനം വാങ്ങാനോ പരിപാടികൾ അവതരിപ്പിക്കാനോ പണ്ടത്തെപോലെ നബിദിന റാലികളിൽ പങ്കെടുക്കാനോ സ്ത്രീകൾ എന്തിന്‌ കൊച്ചുപെൺകുട്ടികൾക്ക്‌ അനുവാദമുണ്ടോ…ഇതൊക്കെ ഒരുപരിധിവരെ മറികടന്ന സമുദായ സംഘങ്ങൾ ഇല്ലന്നല്ല… നാമമാത്രമായ ചില അനുവാദങ്ങൾ കിട്ടിയേക്കാം എന്നാലും തുല്യപദവിക്ക്‌ അവൾ എത്രകാലം കാത്തിരിക്കേണ്ടതുണ്ട്‌…
സ്ത്രീകളുടെ കാര്യത്തിൽ വീരവാദം മുഴക്കാൻ പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളെ തട്ടമഴിപ്പിച്ചാൽ എല്ലാം നേടിക്കൊടുത്തെന്ന അസംബന്ധധാരണയും അവിടെ കിടക്കട്ടെ അതുപോലെ മുസ്ലീം സ്ത്രീകളുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത്‌ കൊടുമ്പിരികൊള്ളുന്ന ആങ്ങളമാരും തൽക്കാലം അവിടെ നിക്ക്‌… ഇന്ന് വളർന്നു വരുന്ന പെൺകുട്ടികളെ നോക്ക്‌ അവർക്ക്‌ അവരെക്കുറിച്ച്‌ ബോധ്യമുണ്ട്‌ ചിന്തയുണ്ട്‌ വിവേകത്തോടുള്ള കാഴ്ചപ്പാടുണ്ട്‌ അവളുടെ കാര്യങ്ങൾ അവൾ തീരുമാനിക്കട്ടെ വെറുതെ ആ തീ കാഞ്ഞ്‌ വിയർക്കാൻ നിക്കണ്ട… ഞങ്ങടെ കാര്യം ഞങ്ങ നോക്കിക്കൊള്ളാം എന്ന് പറയുന്ന തന്റേതായ ഇടം തേടുന്ന ഒരു തലമുറ ഉയർന്ന് വരും… തന്റേടത്തോടെ അവൾ തന്റെ കാര്യങ്ങൾ നടത്തുന്ന കാലം വരും… ഇന്നത്തെ പെൺമക്കളെ കാണുമ്പോൾ കേൾക്കുമ്പോൾ അങ്ങനെ തന്നെ തോന്നുന്നു…
ആൺമേലളന്മാർ നടത്തുന്ന ഈ തട്ടകോലഹലങ്ങൾ കാണുമ്പോൾ തോന്നിപ്പോവുന്നത്‌… കഷ്ടം എന്നേ പറയാനുള്ളൂ….
May be an image of dancing