രാഷ്ട്രീയത്തിലെ ഓസ്കാർ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: 92-ാം ഓസ്കാർ പുരസ്കാരങ്ങൾ ലോസ് ആഞ്ചൽസിൽ പ്രഖ്യാപിച്ചതിനെ പിന്നാലെ ഇന്ത്യയിലും ഒരു ഓസ്കാർ പ്രഖ്യാപനം നടന്നു. ഇത് സിനിമയിലല്ല മറിച്ച് രാഷ്ട്രീയത്തിലാണെന്ന് മാത്രം. കോൺഗ്രസ് പാർട്ടിയാണ് രാഷ്ട്രീയത്തിലെ മികച്ച താരങ്ങളെ കണ്ടെത്തി ഓസ്കാർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കോൺഗ്രസിന്റെ ഓസ്കാർ പട്ടികയില്‍ മികച്ച ആക്ഷൻ നടനായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 56 ഇഞ്ചിന്റെ കണ്ണീരും വിയർപ്പും അടങ്ങിയ പുരസ്കാരം എന്നാണ് പ്രഖ്യാപനം നടത്തിക്കൊണ്ട് കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. യോഗി ആദിത്യനാഥ്, പ്രഗ്യാ സിംഗ് ഠാക്കുർ എന്നിവരെ പിന്തള്ളിയാണ് മോദി പുരസ്കാരം നേടിയതെന്നും ട്വീറ്റിൽ പറയുന്നു.

മികച്ച നെഗറ്റീവ് റോളിലും യോഗി ആദിത്യനാഥിനെ പരിഗണിച്ചിരുന്നുവെങ്കിലും പുരസ്കാരം കൊണ്ടു പോയത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കുറിനെയും ഈ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. ഗബ്ബര്‍ സിംഗ്, മുഗാംബോ എല്ലാം പഴയ ഭീഷണികൾ പുതിയ ഇന്ത്യയിലുള്ളത് പുതിയ വില്ലൻമാർ എന്നായിരുന്നു ട്വീറ്റ്.

മികച്ച ഹാസ്യനടനുള്ള പുരസ്കാരം മനോജ് തിവാരിക്കാണ്. നിര്‍മല സീതാരാമൻ, പിയുഷ് ഗോയൽ എന്നിവരെ പിന്തള്ളിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. മികച്ച നാടകീയ കഥാപാത്രമായി അരവിന്ദ് കെജ്രിവാളിനെയും സഹനടനായി മാധ്യമപ്രവർത്തകൻ അര്‍ണബ് ഗോസ്വാമിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.