വ്യാജ ഡ്രൈവർമാർ സൂക്ഷിക്കുക: നടപടി കടുപ്പിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: രാജ്യത്തെ വ്യാജ ഡ്രൈവർമാരെ കണ്ടെത്താൻ നടപടികൾ കടുപ്പിക്കാനൊരുങ്ങി കുവൈറ്റ്. നിയമവിരുദ്ധമായി സമ്പാദിച്ച ലൈസൻസുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. രാജ്യത്തെ പലരും ഇത്തരത്തില്‍ അനധികൃതമായി ലൈസൻസ് സ്വന്തമാക്കിയെന്ന പരാതികൾ ഉയർന്നിരുന്നു. ആ സാഹചര്യത്തിൽ കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ രാജ്യത്ത് വിതരണം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുകൾ പരിശോധിക്കും.

വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കർശന ഉപാധികളാണുള്ളത്. നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്നവരൊഴിച്ച് ബിരുദം, 600 ദിനാർ ശമ്പളം, കുവൈറ്റിൽ രണ്ട് വർഷം താമസം എന്നിവ നിർബന്ധമാണ്. എന്നാൽ ഈ നിബന്ധനകൾ മറികടന്ന് അനധികൃതമായി ലൈസൻസ് സമ്പാദിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.