ഹവല്ലി സ്‌കൂളിൽ മോഷണം, പ്രായപൂർത്തിയാകാത്തവരുടെ സംഘം പിടിയിൽ

0
233

കുവൈത്ത് സിറ്റി: കുവൈത്തിലെ സൗത്ത് സുറയിലെ സ്കൂൾ കാന്റീനുകളിൽ നടന്ന 12 മോഷണക്കേസുകളിൽ 10 പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തതായി ഹവല്ലി പോലീസ് അറിയിച്ചു. തണുപ്പുകാലത്താണ് പ്രധാനമായും മോഷണസംഘം സജീവമാകുന്നത്. തണുപ്പിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ അകത്തിരിക്കുമ്പോൾ ആയിരിക്കും സ്കൂളിന്റെ മതിൽ ചാടിക്കടന്ന് കുട്ടികൾ സ്കൂൾ കാന്റീനുള്ളിൽ എത്തുന്നത്. ഇത്തരത്തിൽ നിരവധി തവണ ഭക്ഷണവും പണവും മോഷ്ടിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. തുടർച്ചയായ മോഷണ പരാതികളെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഹവല്ലി ഫീൽഡ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിൽ നിന്ന് ഒരു പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. സ്കൂളുകളിൽ ഒളിച്ചു കടക്കുന്നതും സംഭവ സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞതോടെ മോഷ്ടാക്കളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളായ കുട്ടികളെ പിടികൂടാൻ ആയത്.