കുവൈത്ത് സിറ്റി: പ്രധാനമന്ത്രി അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ കുവൈത്ത് മന്ത്രിസഭ എട്ട് വർഷമായി ആസൂത്രണ ഘട്ടത്തിൽ തുടരുന്ന എന്‍റർടൈൻമെന്‍റ് സിറ്റി പദ്ധതിയുടെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍റർടൈൻമെന്‍റ് സിറ്റി 2016ൽ അടച്ചുപൂട്ടിയത്. മുനിസിപ്പൽ കൗൺസിലിന്‍റെ പ്രാഥമിക അനുമതിയോടെ പദ്ധതി പ്രദേശം 2.65 ദശലക്ഷം ചതുരശ്ര മീറ്ററായി വികസിപ്പിക്കുന്നതിന് സർക്കാർ ചർച്ചയിലാണ്. 2024 ജൂലൈയിൽ, പദ്ധതിയുടെ മേൽനോട്ടം കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിക്ക് കൈമാറുന്നതിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. പ്രോജക്റ്റ് സൈറ്റ് ആവശ്യാനുസരണം ക്രമീകരിക്കാനുള്ള വ്യവസ്ഥകളുമുണ്ട്. നേരത്തെ, ഒരു പഠനം ഏകദേശം 200 ദശലക്ഷം KD ആണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കിയിരുന്നത്. പദ്ധതി 2035-ഓടെ ജിഡിപിയിലേക്ക് 85 ദശലക്ഷം കെഡി സംഭാവന ചെയ്യുമെന്നും 2030ഓടെ 900,000 സന്ദർശകരുമായി 4,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. കുവൈത്തിന്‍റെ വിശാലമായ വികസനം, നിക്ഷേപം, വിനോദസഞ്ചാരം എന്നീ ലക്ഷ്യങ്ങളുമായി യോജിച്ചുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തി, പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിസഭ ചൊവ്വാഴ്ച കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിയോട് ആവശ്യപ്പെട്ടു.