92 ലെ കർഫ്യു  ഓർമയിൽ : ഡോക്ടർ റഹീം കടവത് 

 

 

ഇത് പോലെ അന്നും കർഫ്യൂ പ്രഖ്യപിച്ചിരുന്നു .ബാബരി മസ്ജിദ് തകർത്തതി ന്റെ പിറ്റേ നാൾ .റെയിൽ ഓരത്തെ വീട്ടിലെ പുസ്തകങ്ങളുടെ മണം നിറഞ്ഞ മുറിയിൽ എന്നോടൊപ്പം കവി അൻവറും ,വേണു കള്ളാറും.. ഞങ്ങളുട ജനൽ കാഴ്ചയിൽ പട്ടാളക്കാർ മാർച്ച്‌ ചെയ്തിരുന്നു .അവിടങ്ങളിൽ ആകമാനം ഭീതി, നിശ്വാസങ്ങളിൽ പോലും …
ഉമ്മ വേണുവിനും അൻവറിനും എനിക്കും തേങ്ങാ പാൽ ഒഴിച്ച പത്തിരിയും കോഴിക്കറിയും വിളമ്പി തരവേ ആണ് അയല്പക്കത്തെ കൊങ്ങിണി കുടുംബത്തിലെ പെൺകുട്ടി അല്പം ഉപ്പ് വാങ്ങിക്കാൻ പാത്രവുമായി വന്നത് ,അപ്പോൾ ഞങ്ങളുടെ ടീവി കാഴ്ചയിൽ ഉന്മത്തരായ കർസേവകർ പള്ളിയുടെ താ ഴിക കുടം തകർക്കുന്നതിന്റെ പുനസംപ്രക്ഷേപണം നടക്കുകയായിരുന്നു .
ഉമ്മ വേണുവിന്റെ പ്ലേറ്റിൽ രണ്ടു പത്തൽ കൂടി ഇട്ട് കൊടുത്തു .
ഞങ്ങൾക്കിടയിൽ വല്ലാത്ത മൗനം ,അൻവറിൽ കവിത ഊറുക യായിരിക്കാമെന്നോർത്തു ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല .
ഉച്ചയും വൈകുന്നേരവും ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി ,രാത്രി ആയതോടെ ഡിസംബറിന്റെ കരക്കാറ്റ് ആഞ്ഞു വീശി ,തണുപ്പ് കൂടിയതോടെ ആസ്തമ രോഗിയായ ഉമ്മയുടെ ശ്വാസകോശങ്ങളിൽ കിളികൾ കൂടു കൂട്ടി …
ഇടയ്ക്കിടെ ഞാൻ മുറി വിട്ട് ഉമ്മയുടെ മുറിയിലേക്ക് പോകുന്നത് അൻവറും വേണുവും അറിയുന്നുണ്ടായിരുന്നു .പാതി രാത്രി ആയതോടെ ഉമ്മാക്ക് ശ്വാസം കിട്ടാതായി ,വീട്ടിൽ ആകെ ഭയം നിറഞ്ഞു ,ഒടുവിൽ അൻവറിനെ വീട് കാവൽ ഏൽപ്പിച്ചു ഞാനും വേണുവും ഡോക്ടറെ തിരഞ്ഞു പോയി .ഡിസംബറിന്റെ തണുപ്പിൽ വിറങ്ങലിച്ച കൂരിരുട്ട് ,അകലങ്ങളിൽ പോലീസ് ജീപ്പിന്റെ സൈറൺ വിളി ,ഇരുട്ട് തുരന്ന് ഞങ്ങൾ യാത്ര തുടർന്നു
ഡോക്ടർ ബാല കൃഷ്ണൻ വരാൻ കൂട്ടാക്കിയില്ല വീട്ടിൽ അയാളുടെ ഭാര്യയും കുഞ്ഞും മാത്രം ,കൂടെ ലോകം ആകമാനം ഭീതിയുടെ പുതപ്പിനടിയിൽ ..
ഒടുവിൽ എന്നെ അവിടെ കാവൽ നിർത്തി വേണു ഡോക്ടറുടെ സ്കൂട്ടറിന് പിറകിൽ യാത്രയായി .ഡോക്ടരുടെ കുടുംബത്തിനു കാവൽ ആയി ഞാനും ….
എവിടെ മതം
എവിടെ ജാതി …♥️

Dr-Rahim Kadavath