നീതുവിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കും.

ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റിസ് എന്ന മാരകരോഗത്താൽ അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ട് അബുദാബി ഖലീഫ ആശുപത്രിയിൽ ആറ് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കും.

ഇൻവെസ്റ്റേഴ്‌സ് മീറ്റിന്റെ ഭാഗമായി പ്രവാസി വ്യവസായികളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും അബുദാബിയിലെത്തിയ സ്പീക്കർ പി ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇ പി  ജയരാജനും നീതുവിനെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയതിനു ശേഷമാണ് ഇങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടത്.

വിവാഹശേഷം സന്ദർശക വിസയിൽ ഭർത്താവിനോടൊപ്പം യുഎഇയിലായിരുന്ന  വിതുര സ്വദേശിയായ നീതു ഷാജി പണിക്കർ അമ്മയെ കാണാനാണ്‌ അബുദാബിയിലെത്തിയത്‌. അവിടെവെച്ചാണ്‌  അസുഖമുണ്ടാകുന്നത്‌. അച്‌ഛൻ ഉപേക്ഷിച്ച ശേഷം അമ്മ അബുദാബിയിലെ ശുചീകരണ കേന്ദ്രത്തിൽ ജോലിചെയ്‌താണ്‌ നീതുവിനേയും സഹോദരനേയും സംരക്ഷിച്ചിരുന്നത്‌.

എന്നാൽ, ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ് എന്ന രോഗം ഇവരുടെ ജീവിതത്തിന്റെ സകല താളവും തെറ്റിച്ചു. തുടക്കം പനിയുടെയും ഛർദിയുടെയും രൂപത്തിലായിരുന്നു. നിർത്താതെയുള്ള അപസ്മാരമായിരുന്നു അടുത്തത്.

മാർച്ച് 27-ന് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലുമാസത്തോളം ഇവിടെ ഒന്നുമറിയാതെ കിടപ്പിലായിരുന്നു. വിശദ പരിശോധനയിലാണ് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ് സ്ഥിരീകരിച്ചത്. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെങ്കിലും ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടാൻ ചികിത്സകൾകൊണ്ടായി. രണ്ടുമാസമായി ഫിസിയോ വാർഡിലാണ് ചികിത്സ. യുഎഇ.യിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് നൽകാവുന്ന പരമാവധി ചികിത്സ ഇതിനോടകം തന്നെ ലഭ്യമാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ട നീതുവിന്റെ വിസാ കാലാവധി ഈ മാസം 26 നു തീരുകയാണ്. ഈ സാഹചര്യത്തിലാണ് നോർക്ക വഴി നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.തുടർ ചികിത്സയ്ക്ക് ഭീമമായ തുക വന്നേക്കാവുന്ന നീതുവിന്‌   തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ സഹായത്തോടെ തുടർ ചികിത്സ നടത്തുമെന്നും മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.