പൗരത്വ ഭേദഗതി നിയമം: പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി സംഘടനകൾ

പ്രതീകാത്മ ചിത്രം

കുവൈറ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രവാസി സംഘടനകളും. ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കുവൈറ്റിലെ പലഭാഗങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടന്നിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് കുവൈറ്റിലെ വിവിധ സംഘടനകൾ ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല)യുടെ നേതൃത്വത്തില്‍ അബ്ബാസിയയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും മതിനിരപേക്ഷതയുടെയും മൂല്യങ്ങളെ തകർക്കുന്നതാണ് പുതിയ നിയമമെന്നാണ് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. ഡിസംബര്‍ 26ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അബ്ബാസിയ സെന്‍ട്രൽ സ്കൂളിൽ വച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ കുവൈറ്റിലെ ചില സ്വദേശികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. റോഗിംഗ്യൻ അഭയാര്‍ഥികളെ പോലെ ഇന്ത്യൻ മുസ്ലീങ്ങളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് ഇന്ത്യൻ ഭരണകൂടം നടത്തുന്നതെന്നും ഇത് അപലപനീയമാണെന്നുമാണ് കുവൈറ്റ് പാര്‍ലമെന്റംഗം മുഹമ്മദ് ഹായിഫ് അൽ മുതൈരി ട്വിറ്ററിൽ കുറിച്ചത്. പ്രശ്നത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ലോകമുസ്ലീം സംഘടനകള്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്.