60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കൽ; അന്തിമ തീരുമാനം മാന്‍പവര്‍ അതോറിറ്റിയുടെ നിര്‍ണായക യോഗത്തിന് ശേഷം

0
60

കുവൈത്ത് സിറ്റി: കുവൈത്തിൽ ബിരുദ യോഗ്യതയില്ലാത്ത 60 വയസ്സ് പിന്നിട്ട പ്രവാസികളുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചേരുന്ന മാന്‍പവര്‍ അതോറിറ്റിയുടെ നിര്‍ണായക യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിതിരുന്നു
60 കഴിഞ്ഞവരില്‍ ബിരുദമില്ലാത്ത പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് നേരത്തേ മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് കുവൈറ്റ് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി ഇതിനിടെ വ്യക്തമാക്കിയിരുന്നു. പ്രവാസികളുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പത്വ കമ്മിറ്റിയുടെ തീരുമാനത്തിനു ശേഷം ചേരുന്ന അതോറിറ്റിയുടെ ആദ്യ യോഗമാണ് ബുധനാഴ്ച നടക്കുക. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന വിവാദ ഉത്തരവ് അതോറിറ്റി യോഗം ഔദ്യോഗികമായി പിന്‍വലിക്കുമെന്നാണ് സൂചന. നിലവില്‍ വിസ പുതുക്കാനാവാതെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.