കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് വിവരം.
രാജ്യത്ത് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്ന 26 മേഖലകൾ സിവില്‍ സര്‍വീസ് കമ്മീഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ കൂടുതൽ മെഡിക്കല്‍ രംഗത്താണ്.
ഹ്യൂമണ്‍ മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്ററിനറി മെഡിസിന്‍, നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഓഡിയോളജി, ഫാര്‍മസി, സോഷ്യല്‍ സര്‍വീസ്, ഗ്രാഫിക്‌സ്, സൈക്കോളജി, ഫിസിക്‌സ്, ലൈബ്രറി സയന്‍സ്, ഇന്‍ഫര്‍മേഷന്‍, ഇന്‍ഫര്‍മേഷന്‍ സ്റ്റഡീസ്, കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചീനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, സോഷ്യോളജി, എലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജി എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങളുള്ളത്.
ഈ മേഖലകളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്കാണ് അവസരമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ആലീഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവയ്ക്കു പുറമെയാണിത്.
കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ തീരെ ആവശ്യമില്ലാത്ത 14 തൊഴില്‍ മേഖലകളും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. മാധ്യമ രംഗം. ചരിത്രപഠനം, അന്താരാഷ്ട്ര ബന്ധങ്ങള്‍, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പെട്രോളിയം എഞ്ചിനീയറിംഗ്, ഓയില്‍ ആന്റ് ഗ്യാസ് എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ആന്റ് സിസ്റ്റംസ് എഞ്ചിയീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, നിയമം തുടങ്ങിയ മേഖലകളാണിവ.






























