മാനന്തവാടി കൊലപാതകം; കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി

0
219

മാനന്തവാടി:വയനാട്ടിലെ മാനന്തവാടി അപ്പപ്പാറയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി . കൊല ചെയ്ത ശേഷം പ്രതി തട്ടിക്കൊണ്ടുപോയ ഒൻപത് വയസ്സുകാരൻ കുട്ടിയെയും പൊലീസ് പ്രതിയോടൊപ്പം കണ്ടെത്തി. അപ്പപ്പാറയിലെ ഒരു എസ്റ്റേറ്റിന് സമീപമുള്ള വനപ്രദേശത്ത് നിന്നാണ് കുട്ടിയും പ്രതിയും കണ്ടെത്തിയത്.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ തിരികെ കണ്ടെത്താനായി ഡ്രോൺ പരിശോധനയുൾപ്പെടെ നിരവധി നടപടികൾ എടുത്തിരുന്നു. തെരച്ചിലിനിടയിൽ പ്രതിയുടേതായി സംശയിക്കുന്ന മൊബൈൽ ഫോണും പുതപ്പും കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഫോൺ കണ്ടെത്തിയതാണ് പ്രതിയെ കണ്ടുപിടിക്കാൻ നിർണായകമായത്. തെരച്ചിൽ നടക്കുന്ന സമയത്ത് കാപ്പിത്തോട്ടത്തിലെ തൊഴിലാളികളാണ് പ്രതിയെയും കുട്ടിയെയും കണ്ടത്.

മാനന്തവാടി അപ്പപ്പാറയിലെ വാകേരിയ എന്ന സ്ഥലത്താണ് ഈ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷാണ് കൊല ചെയ്തതെന്ന് പൊലീസ് വിശ്വസിക്കുന്നു. കൊലക്കുറ്റത്തിന് ശേഷം ദിലീഷ് ഒൻപത് വയസ്സുകാരൻ കുട്ടിയെ തട്ടിക്കൊണ്ടുപോയി. സംഭവം നടന്ന് ഒരു രാത്രി കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ലെന്നത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. വനപ്രദേശമായതും മോശം കാലാവസ്ഥയും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.