ഇറാൻ-യുഎസ് സംഘർഷം: കനത്ത ജാഗ്രതയിൽ കുവൈറ്റ്

പ്രതീകാത്മ ചിത്രം

കുവൈറ്റ്: ഇറാൻ രഹസ്യ സേനാ മേധാവി ഖാസിം സുലൈമാനിയുടെ വധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍‌ കുവൈറ്റിൽ ജാഗ്രതാ നിർദേശം. അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് കുവൈറ്റിൽ ജാഗ്രതാ നിർദേശം. അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ സുരക്ഷാ സേനകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യൻ മേഖലകളിൽ സംഘർഷ സാധ്യത കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ദേശീയ സേനയും ചേർന്ന് സംയുക്ത ഓപ്പറേഷൻ റൂം സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷിതമാക്കാൻ വടക്കൻ അതിത്തിയില്‍ വിവിധ സംയുക്ത സേനകളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് ഓപ്പറേഷൻ റൂം. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ സൈനിക വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാകരുതെന്ന കർശന ഭീഷണിയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ യുഎസും കുവൈറ്റിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്.