ദോഹയിലെ സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഒൻപതാം തവണയും പ്രഭാഷകനായി ഡോ. സുബൈർ മേടമ്മൽ ഖത്തറിൽ

0
13

ദോഹ: സെപ്റ്റംബർ 10 മുതൽ 14 വരെ ഖത്തറിൽ നടക്കുന്ന സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഫാൽക്കണുകളെ കുറിച്ച് ക്ലാസ്സെടുക്കുന്നതിന് പ്രമുഖ ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മൽ ഖത്തറിലെത്തി. ഫാൽക്കണുകളെ കുറിച്ച് ആറുവർഷം യൂ.എ.യിലും ഖത്തറിലും മറ്റ് വിദേശരാജ്യങ്ങളിലും പഠനം നടത്തി 2004ൽ ഫാൽക്കണുകളിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനായ സുബൈർ ഒൻപതാം തവണയാണ് സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ പങ്കെടുക്കുന്നത്. എക്സിബിഷനിൽ എത്തുന്ന കുട്ടികൾക്കും യുവാക്കൾക്കും ഫാൽക്കണുകളെ കുറിച്ച് ക്ലാസ്സെടുക്കുകയും സംശയനിവാരണം നടത്തുകയുമാണ് അതിഥിയായെത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം.

‘ഫാൽക്കൺ സംരക്ഷണത്തിൽ ഖത്തറിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ ആയിരുന്നു ഡോക്ടർ സുബൈറിന്റെ പ്രഭാഷണം.

40 ഇനം ഫാൽക്കണുകൾ ലോകത്തുണ്ട്. അതിൽ എട്ടോളം ഇനങ്ങൾ ഖത്തറിൽ കാണുന്നു. ലോകത്തെ ഫാൽക്കൺ വേട്ടക്കാരിൽ 50 ശതമാനവും അറബികളാണ്. പ്രത്യേക കാഴ്ച സാധ്യമാകുന്ന കണ്ണിന്റെ ഘടനയാണ് അതിനുള്ളത്. ഇരുപതോളം വർഷം ജീവിക്കുന്ന ഫാൽക്കണുകൾ സാധാരണയായി മൂന്നു മുതൽ അഞ്ചുവരെ മുട്ടയാണ് വർഷവും ഇടാറുള്ളത്. ഇതിന്റെ നാസാരന്ദ്രങ്ങളിൽ കാണുന്ന ഒരു പ്രത്യേക സൂചി രൂപത്തിലുള്ള ഭാഗമാണ് അവയെ വേഗത്തിൽ പറക്കാൻ പ്രാപ്തമാക്കുന്നത്. ഇന്ത്യയിൽ കാണപ്പെടുന്ന ഷഹീൻ ഫാൽക്കണുകൾ മണിക്കൂറിൽ 390 കിലോമീറ്റർ വേഗത്തിൽ പറക്കുന്നു. ഷഹീൻ ഫാ ൽക്കണുകൾ വേട്ടക്കും വേഗതക്കും പേരുകേട്ടതാണ്. ഫാൽക്കൺ ലേലത്തിൽ ഏറ്റവും വലിയ തുകക്ക് വിറ്റുപോകുന്ന സെയ്കർ ഫാൽക്കണുകൾ അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വലുപ്പത്തിൽ ഏറ്റവും കൂടുതലുള്ളത് ജിർ ഫാ ൽക്കണുകളാണ്.

എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിൽ അംഗത്വമുള്ള ഏക അനറബിയായ ഡോക്ടർ സുബൈർ മേടമ്മൽ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. 40

രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഈ

സുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ

ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഡോക്ടർ സുബൈർ മേടമ്മൽ ക്ലാസ് എടുത്തത്. മൂന്നു പതിറ്റാണ്ടിലേറെയായി ഫാൽക്കൺ ഗവേഷണം തുടരുന്ന ഡോക്ടർ സുബൈർ മേടമ്മൽ തന്റെ ഗവേഷണവുമായി പുതിയ കണ്ടെത്തലിനായി മുന്നോട്ട് കുതിക്കുകയാണ്. കാലിക്കറ്റ്‌

സർവ്വകലാശാലയിലെ അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററും കൂടിയായ ഡോക്ടർ സുബൈർ മേടമ്മലിന്റെ ഭാര്യ സജിത വളവന്നൂർ ബാഫഖി യതീംഖാന ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു അധ്യാപികയാണ്. ആദിൽ സുബൈർ (ഡൽഹി സർവകലാശാല പി. എച്ച്. ഡി. വിദ്യാർഥി), അമൽ സുബൈർ, അൽഫാ സുബൈർ എന്നിവർ മക്കളാണ്.