പ്രതിഷേധങ്ങൾ ഫലം കണ്ടു, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നതായി സൂചനയെന്ന് ഐഎംസിസി കുവൈറ്റ്

0
154

കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ നിന്ന് വടക്കൻ കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാന സർവീസുകൾ നിർത്തലാക്കിയതിൽ പ്രവാസി മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആണ് നിർത്തലാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ നടപടിയിൽ ഐഎംസിസി കുവൈറ്റ് ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും എയർ ഇന്ത്യ എക്സ്പ്രസ് സിഇഒക്കും ഈമെയിൽ സന്ദേശം അയക്കുകയും ചെയ്തു. നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണം എന്നും ഷെഡ്യൂളുകൾ പുന:ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചത്. കുവൈത്തിൽ നിന്നുള്ള പ്രവാസികൾക്ക് ചുരുങ്ങിയ നിരക്കിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും ഉപകാരപ്പെട്ടിരുന്നത് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ്. ഇത് നിർത്തലാക്കിയതോടെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചികിത്സാർത്ഥവും അടിയന്തര ആവശ്യങ്ങൾക്കുമായി നാട്ടിൽ പോകുന്നവർക്കും കുടുംബങ്ങൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നു. ഈ വിഷയത്തിൽ മറ്റു തലങ്ങളിലെ ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ടും പ്രവാസി മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് പലവിധ പ്രതിഷേധങ്ങൾക്കും ഐഎംസിസി കുവൈറ്റ് നേതൃത്വം നൽകുന്നുണ്ട്.

അതേസമയം, പ്രതിഷേധങ്ങൾക്ക് ഫലം കണ്ടുവരുന്നതായാണ് സൂചനകൾ എന്ന് ഐഎംസിസി കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. ഈ മാസം അവസാനത്തോടെ കോഴിക്കോടേക്ക്‌ ചൊവ്വ , ബുധൻ , വെള്ളി ദിവസങ്ങളിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്നാണ് വിവരങ്ങൾ. എന്നാൽ കണ്ണൂരിലേക്കുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ തീരുമാനം വ്യക്തമല്ലെന്ന് ഐഎംസിസി കുവൈറ്റ് ഭാരവാഹികളായ ലോക കേരളസഭാംഗവും ഐഎംസിസി കുവൈത്ത് ചെയർമാനുമായ സത്താർ കുന്നിൽ, പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ, ഓർഗനൈസിംഗ് സെക്രട്ടറി ഉമ്മർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.