പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കുവൈത്തിൽ നിന്ന് നാട്ടിലെത്താൻ ഇന്ത്യൻ എംബസിയുടെ അടിയന്തര സഹായം

0
10

കുവൈറ്റ് സിറ്റി : കുവൈത്തിൽ കുടുങ്ങിയിരുന്ന ഇന്ത്യൻ വീട്ടുജോലിക്കാരിയായ ജയകുമാരിയ്ക്ക് പിതാവിന്റെ മരണത്തെ തുടർന്ന് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അടിയന്തര യാത്രാസൗകര്യം ഒരുക്കി കുവൈത്തിലെ ഇന്ത്യൻ എംബസി.

പുതുച്ചേരി സ്വദേശിനിയായ ജയകുമാരിക്ക്, പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും സംബന്ധിച്ച നടപടികൾ പൂർത്തിയാകാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നിരുന്നു. ഇതിനിടെയാണ് പിതാവിന്റെ മരണവാർത്ത ലഭിച്ചത്. തുടർന്ന് പുതുച്ചേരി സർക്കാരും, കുവൈത്ത് തമിഴ് സംഘവും, സംഘടനയുടെ ജനറൽ സെക്രട്ടറി രാജ്നാരായണനും, സാമൂഹിക പ്രവർത്തകനായ മതിയും ചേർന്ന് ആവശ്യമായ നടപടികൾ വേഗത്തിലാക്കി.

അംബാസഡർ പരിമിത ത്രിപാഠിയുടെ നേതൃത്വത്തിലുള്ള കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര യാത്രാരേഖ അനുവദിക്കുകയും മറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെ ജയകുമാരിക്ക് സമയബന്ധിതമായി ഇന്ത്യയിലേക്ക് മടങ്ങി പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു.

മാനുഷിക പരിഗണനയോടെ അതിവേഗം സഹായം നൽകിയ ഇന്ത്യൻ എംബസിയോട് പുതുച്ചേരി മുഖ്യമന്ത്രി നന്ദി അറിയിച്ചു. സഹായം നൽകിയ ഇന്ത്യൻ എംബസിക്കും, കുവൈത്ത് തമിഴ് സംഘത്തിനും, ഈ പ്രയാസകരമായ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ജയകുമാരിയും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.