24 മണിക്കൂറിനിടെ ആറു ഡ്രോണുകൾ തകർത്തു;കുവൈത്ത് നാഷണൽ ഗാർഡ്

0
10

കുവൈത്ത് സിറ്റി : കുവൈത്ത് നാഷണൽ ഗാർഡ് (KNG) കഴിഞ്ഞ 24 മണിക്കൂറിനിടെ തങ്ങളുടെ സുരക്ഷാ ചുമതലയിലുള്ള പ്രദേശങ്ങളിൽ ആറു ഡ്രോണുകൾ വിജയകരമായി തകർത്തതായി അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ പറഞ്ഞു, നിർണായക കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാധ്യതയുള്ള ഭീഷണികളെ ചെറുക്കുന്നതിനുമായി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി കൈകൊണ്ടത്. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സൈന്യം, പൊലീസ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് കുവൈത്ത് നാഷണൽ ഗാർഡ് ഉയർന്ന ജാഗ്രതയിലാണ് പ്രവർത്തിക്കുന്നതെന്നും, രാജ്യത്തിന്റെ സുരക്ഷ അട്ടിമറിക്കാൻ നടത്തുന്ന ഏത് ശ്രമങ്ങളെയും ശക്തമായി ചെറുക്കാൻ തങ്ങൾ പൂർണ സജ്ജരാണെന്നും ഫദൽ വ്യക്തമാക്കി. രാജ്യത്തിന്റെ സാർവഭൗമത്വവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനോടൊപ്പം ദേശീയ താൽപര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.