കളിത്തോക്കും കത്തിയും ഉപയോഗിച്ച് ജ്വല്ലറിയിൽ വൻ കവർച്ച; രണ്ട് സിറിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു

0
14

കുവൈത്ത് : കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ കളിത്തോക്കും കത്തിയും ഉപയോഗിച്ച് ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ രണ്ട് സിറിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 39,000 കുവൈത്തി ദിനാർ (ഏകദേശം 1.21 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. കവർച്ച നടന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ കുറ്റാന്വേഷണ വിഭാഗം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മറ്റ് തെളിവുകൾ ശേഖരിക്കുകയും ചെയ്താണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കളിത്തോക്കും കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇരുവരും ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നത്.

അറസ്റ്റിലായവരിൽ ഒരാൾ നിയമവിരുദ്ധമായി കുവൈത്തിൽ താമസിച്ചിരുന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കവർച്ചയ്ക്ക് മോഷ്ടിച്ച വാഹനമാണ് പ്രതികൾ ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.