കുവൈത്ത് സിറ്റി: ജാബ്രിയയിലെ റോഡിൽ നിർമ്മാണാവശിഷ്ടങ്ങൾ തള്ളി റോഡ് മലിനമാക്കിയ സംഭവത്തിൽ ബംഗ്ലാദേശ് ട്രക്ക് ഡ്രൈവറെ കുവൈത്ത് ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ആവശ്യമായ ഡ്രൈവിങ് ലൈസൻസില്ലാതെയാണ് ഇയാൾ ചരക്കുവാഹനം ഓടിച്ചിരുന്നതെന്നും അധികൃതർ കണ്ടെത്തി.
ട്രാഫിക് റെഗുലേഷൻസ് ആൻഡ് സെക്യൂരിറ്റി കൺട്രോൾ വിഭാഗം നടത്തിയ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷമാണ് ഡ്രൈവറെ പിടികൂടിയത്. റോഡ് മലിനമാക്കിയതിനും അനുയോജ്യമായ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ ട്രാഫിക് നിയമലംഘനങ്ങൾ ചുമത്തി.
തുടർനടപടികളുടെ ഭാഗമായി ഡ്രൈവറെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ഇയാളെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വാഹനം കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളുടെ ശുചിത്വം നിലനിർത്തുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.































