തിരുവനന്തപുരം: പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനവ്, ക്ഷേമ പെൻഷൻ വിതരണം മുടങ്ങൽ, ലോക കേരള സഭ പിരിച്ചുവിടൽ തുടങ്ങിയ വിഷയങ്ങളിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടത്തി. പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാതെ മറ്റ് വഴികളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻഷുറൻസ് പദ്ധതിയിൽ വലിയ തുക ക്ലെയിം നൽകേണ്ടി വന്നതോടെ നഷ്ടമുണ്ടായെന്നും ഇത്തവണ ക്വട്ടേഷൻ നൽകാൻ കമ്പനികൾ തയ്യാറായില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ തവണ ഇൻഷുറൻസ് പരിരക്ഷ നൽകിയ ന്യൂ ഇന്ത്യ അഷ്വറൻസ് ഇത്തവണ ക്വട്ടേഷൻ നൽകിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോർക്ക കെയർ പദ്ധതി വഴി ഇൻഷുറൻസ് നൽകുന്നതിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് പ്രീമിയം വർധിപ്പിക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഈ സർക്കാർ ഇതുവരെ 163 കോടി രൂപ പ്രവാസികൾക്കായി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രവാസി ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടെന്നും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പ്രവാസി സംഘടനകളും ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






























