കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ പാക്കിങ് തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും തിരുത്തി വിൽപ്പന നടത്തിയ സംഭവത്തിൽ 27 പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. 894 പെട്ടി മത്സ്യങ്ങളും ഇവ കൊണ്ടുപോകാൻ ഉപയോഗിച്ച 16 ശീതീകരിച്ച വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വ്യാജരേഖാ നിർമാണവും തട്ടിപ്പും തടയുന്നതിനുള്ള പ്രത്യേക വിഭാഗമാണ് വൻതോതിലുള്ള വാണിജ്യ തട്ടിപ്പ് കണ്ടെത്തിയത്.
ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ പെട്ടികളിൽ രേഖപ്പെടുത്തിയിരുന്ന യഥാർഥ ഉൽപ്പാദന തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും മാറ്റി പുതിയ ലേബലുകൾ പതിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. തീയതിയിൽ കൃത്രിമം കാണിച്ച് റെസ്റ്റോറന്റുകൾക്കും കമ്പനികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പരിശോധനയിൽ വ്യാജ കാലാവധി തീയതികൾ രേഖപ്പെടുത്തിയ 894 പെട്ടി ഇറക്കുമതി മത്സ്യങ്ങൾ സൂക്ഷിച്ചിരുന്ന 16 ശീതീകരിച്ച വാഹനങ്ങൾ പിടിച്ചെടുത്തു. വ്യാജ ലേബലുകൾ തയ്യാറാക്കുന്നതിനും പ്രിന്റ് ചെയ്യുന്നതിനും ഉപയോഗിച്ച കമ്പ്യൂട്ടറും അധികൃതർ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഒരു പ്രിന്റിങ് കമ്പനിയുടെ സഹായത്തോടെ മത്സ്യങ്ങളുടെ കാലാവധി തീയതികൾ മാറ്റിയതായി പ്രതികൾ സമ്മതിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






























