കുവൈറ്റ് സിറ്റി : ചില ചരിത്രങ്ങൾ എഴുതപ്പെടുന്നത് വിരലിലെണ്ണാവുന്ന സെക്കൻഡുകൾ കൊണ്ടല്ല, മറിച്ച് സഹനത്തിന്റെ തീച്ചൂളയിൽ വെന്തെരിഞ്ഞ വർഷങ്ങൾ കൊണ്ടാണ്.
സഞ്ജു സാംസൺ എന്ന മലയാളിയുടെ ക്രിക്കറ്റ് ജീവിതം ഇന്ന് ഒരു വിശ്വസാഹിത്യത്തിലെ ഇതിഹാസ കഥ പോലെ മനോഹരമായി മാറുകയാണ്.
ആ പരിഹാസത്തിന്റെ ഓർമ്മ ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ സഞ്ജുവിന്റെ ബാറ്റ് ഒന്ന് നിശബ്ദമായപ്പോൾ, ലോകം മുഴുവൻ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. “ഇവനെക്കൊണ്ട് ഇതിനേക്കാളൊക്കെ ഇത്രയൊക്കെയേ കഴിയൂ”, “സഞ്ജു എന്ന അധ്യായം അവസാനിച്ചു” എന്നിങ്ങനെ പരിഹാസശരങ്ങൾ തൊടുത്തുവിട്ടവർക്ക് മുന്നിൽ സഞ്ജു തലകുനിച്ച് നിന്നു. അന്ന് അദ്ദേഹത്തിന് വേണ്ടി സംസാരിച്ചപ്പോൾ എനിക്കൊക്കെ കേട്ട ട്രോളുകൾക്ക് കയ്യും കണക്കുമില്ലായിരുന്നു.
ചാരത്തിൽ നിന്ന് ഒരു കനലായി
പക്ഷേ, യഥാർത്ഥ പോരാളികൾ നിശബ്ദരാകുന്നത് തളരാനല്ല, മറിച്ച് കൂടുതൽ കരുത്തോടെ കുതിച്ചുചാടാനാണെന്ന് ആരും ഓർത്തില്ല. ലോകകപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ, ഇന്ത്യയുടെ വിശ്വസ്തരായ ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ ആ കനൽ വീണ്ടും ജ്വലിച്ചു.
സൂപ്പർ-8 ലെ ആ പ്രകമ്പനം:
തോൽവി ഉറപ്പിച്ച നിമിഷത്തിൽ, ക്രീസിലേക്ക് നടന്നു വന്ന സഞ്ജുവിന്റെ ഓരോ ഷോട്ടും തന്നെ തഴഞ്ഞവർക്കുള്ള പ്രഹരമായിരുന്നു. ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ച് ടോപ് സ്കോററായപ്പോൾ, ഗാലറിയിൽ ഉയർന്നത് നിശബ്ദതയാൽ പടുത്തുയർത്തിയ ഒരു വിസ്മയമായിരുന്നു.
സെമിയിലെ ‘ഇംഗ്ലീഷ്’ വേട്ട
സമ്മർദ്ദത്തിന്റെ കൊടുമുടി കയറേണ്ട സെമിഫൈനലിൽ, ഇംഗ്ലണ്ടിന്റെ പടുകൂറ്റൻ ബൗളർമാരെ കളിപ്പഠിപ്പിച്ച് വീണ്ടും ഇന്ത്യയുടെ രക്ഷകനായത് സഞ്ജു തന്നെ. തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിന്റെ ടോപ് സ്കോറർ!
ചരിത്രം സാക്ഷി…
അന്ന് ന്യൂസിലാൻഡിനെതിരെ ഫോം ഔട്ടായപ്പോൾ സഞ്ജുവിനെ എഴുതിത്തള്ളിയവർ ഇന്ന് കണ്ണുതുറന്ന് കാണുക. നിങ്ങൾ ‘ചാരമായി’ എന്ന് വിധിയെഴുതിയ ഇടത്തുനിന്നാണ് ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ഈ പോരാളി ഉയിർത്തെഴുന്നേറ്റത്. ഫോം എന്നത് ഒരു താൽക്കാലിക തമാശ മാത്രമാണെന്നും, ‘ക്ലാസ്’ എന്നത് കാലത്തെ അതിജീവിക്കുന്ന സത്യമാണെന്നും സഞ്ജു തന്റെ ബാറ്റ് കൊണ്ട് ഇവിടെ കുറിച്ചിരിക്കുന്നു.
മലയാളികളുടെ അഭിമാനമായി, ഇന്ത്യയുടെ വജ്രായുധമായി സഞ്ജു ആ ഫൈനൽ പോരാട്ടത്തിലേക്ക് നടന്നു കയറുകയാണ്. അന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു, ഇന്ന് സഞ്ജു അത് ലോകത്തിന് കാട്ടിക്കൊടുത്തു!
ഇത് സഞ്ജു സാംസൺ—വീണടത്തുനിന്ന് വിശ്വവിജയിയായി മടങ്ങുന്നവൻ!
ഇക്ബാൽ മുറ്റിച്ചൂർ






























