തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ തമിഴ്നാട്ടിലെ മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിൽ നടന്ന അപകടത്തിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതോടെ കാർ നിയന്ത്രണം വിട്ട് ദേശീയപാത നിർമ്മാണത്തിനായി വച്ചിരുന്ന വലിയ കല്ലിലേക്ക് ഇടിച്ചുകയറി. ഇടിയേറ്റ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പോത്തൻകോട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ട് സ്ത്രീകൾക്കും രണ്ട് പുരുഷൻമാർക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് സംഭവത്തിന്റെ തുടർനടപടികൾ നടത്തുന്നു.






























