മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

0
54

പത്തനംതിട്ട:മൂന്നര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ഓട്ടോറിക്ഷ ഡ്രൈവർ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ താമസിക്കുന്ന ലിബിൻ സി. ജോൺസൺ (23) ആണ് പ്രതി. ഈ മാസം 12-ന് വൈകിട്ട് 4:00 മുതൽ 5:30 വരെയുള്ള സമയത്താണ് ഈ സംഭവം. ഓട്ടോയോടിക്കുന്നതിനിടെ കുട്ടിയെ തന്റെ മടിയിൽ ഇരുത്തി ശരീരത്തിൽ കൈവെച്ച് ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസ് വിവരം നൽകി.

വീട്ടിൽ എത്തിയ കുട്ടി ശാരീരികമായ അസ്വസ്ഥത കാണിച്ചത് കുടുംബാംഗങ്ങൾ ശ്രദ്ധിച്ചു. തുടർന്ന് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. ഈ വിവരം അറിഞ്ഞ പെരുനാട് പൊലീസ് ആശുപത്രിയിൽ എത്തി കുട്ടിയുടെ അമ്മയിൽനിന്ന് വിശദമായി മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷൻ എഎസ്ഐ അനിതാകുമാരിയാണ് മൊഴി രേഖപ്പെടുത്തിയത്.

തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു ബി എൻ എസിലെയും പോക്സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.