കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിന് നേരെ ആക്രമണം; സേവനങ്ങളിൽ തടസം ഇല്ലെന്ന് മന്ത്രാലയം

0
7

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി-ജല പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായതായി വൈദ്യുത, ജല മന്ത്രാലയം അറിയിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.  ആക്രമണത്തിൽ പ്ലാന്റിലെ ചില ഭാഗങ്ങൾക്ക് വസ്തുനാശം സംഭവിച്ചിട്ടുണ്ടെങ്കിലും, വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്  പിന്നാലെ സാങ്കേതിക സംഘങ്ങളും അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചു. അംഗീകരിച്ച എമർജൻസി പദ്ധതികൾ പ്രകാരം സാഹചര്യം നിയന്ത്രണത്തിലാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് പ്രവർത്തനം തുടരുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും വ്യക്തമാക്കി. വൈദ്യുതി-ജല വിതരണ സംവിധാനം സാധാരണ നിലയിൽ തുടരുന്നുവെന്നും, സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ എല്ലാ സാങ്കേതിക സംഘങ്ങളും ജാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.