തിരുവനന്തപുരം: ഇന്ത്യ-പാകിസ്ഥാൻ തർക്കത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ജനങ്ങളും രാജ്യവും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും, അതിർത്തി സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനും എടുത്ത തീരുമാനം വിവേകപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് തുടരുകയാണെങ്കിലും, സമാധാനത്തിനും ദേശീയ പുരോഗതിക്കും വേണ്ടി ഐക്യപ്പെടൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
അതിർത്തിയിലെ സംഘർഷം കാരണം സംസ്ഥാന സർക്കാർ താത്കാലികമായി മാറ്റിവെച്ച നാലാം വാർഷിക പരിപാടികൾ മേയ് 13-ന് തുടരും എന്ന് പിണറായി വിജയൻ പറഞ്ഞു. ജില്ലാ/സംസ്ഥാന തല യോഗങ്ങൾ, എന്റെ കേരളം പ്രദർശനം, മേഖലാ അവലോകന സമ്മേളനങ്ങൾ എന്നിവ നിശ്ചിത പ്രകാരം നടക്കും. മലപ്പുറം ജില്ലാ യോഗം ഉൾപ്പെടെ മറ്റ് മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.































