73,000 പേർക്ക് താൽക്കാലിക റെസിഡൻസി വിസ അനുവദിച്ചതായി റെസിഡൻസി അഫയേഴ്‌സ് വകുപ്പ്

കുവൈത്ത് സിറ്റി : ആർട്ടിക്കിൾ (14) അനുസരിച്ച് സന്ദർശക വിസ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അപേക്ഷിക്കുകയും താൽക്കാലിക റെസിഡൻസി വിസ അനുവദിക്കുകയും ചെയ്ത ആളുകളുടെ എണ്ണം 73,000 ആയതായി റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചു. താൽക്കാലിക റെസിഡൻസി വിസ ലഭിച്ച പ്രവാസികളോട് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടതായും റെസിഡൻസി അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി.
വിമാനത്താവളവും കര, കടൽ തുറമുഖങ്ങളും അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ സമീപകാല തീരുമാനങ്ങൾ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. റെസിഡൻസി വിസ എക്സ്റ്റൻഷൻ ലഭിക്കാത്തതിനാൽ രാജ്യം വിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭേദഗതി വരുത്താൻ അപേക്ഷിച്ച എല്ലാ വ്യക്തികളെയും റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചു. പോകുന്നതിന് മുൻപായി പിഴ അടക്കുകയാണെങ്കിൽ ഇവർക്ക്
ജോലി, ബിസിനസ്സ്, ഫാമിലി, വിസിറ്റ് വിസ എന്നിവ ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് മടങ്ങി വരാൻ കഴിയും. പിഴ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്ന വരെ വരെ കരിമ്പട്ടികയിൽ പെടുത്തി, രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും.ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ള റെസിഡൻസി വിസ നിയമലംഘകരുടെ എണ്ണം 186,000 ആയി.