‘വലിയ വഞ്ചന കാണിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം‘ -മുഖ്യമന്ത്രി പിണറായി വിജയൻ

0
82

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പിവി അൻവറിനെതിരെ കടുത്ത വിമർശനം മുന്നോട്ടുവച്ചു. അൻവർ വലിയ വഞ്ചന പ്രവർത്തിച്ചതാണ് ഈ തെരഞ്ഞെടുപ്പ് ആവശ്യമായി വന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പ്രതികരണം നൽകിയത്.എം സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്ത് തന്നെ നല്ല സ്വീകാര്യത ലഭിച്ചു. സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്‍റേത്. നമ്മൾ ചതിക്ക് ഇരയായിതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷ മുന്നണി ഏത് ആശങ്കയുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വരാജിന്റെ കൈപിടിച്ച് ഉയർത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരികമായി തുടക്കമിട്ടത്.