കുവൈറ്റ് സിറ്റി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികളിലെ അപാകതകൾ മൂലം പ്രവാസികളുടെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് കുവൈറ്റിലെ വിവിധ പ്രവാസി സംഘടനകൾ ആശങ്ക രേഖപ്പെടുത്തി. പ്രവാസി വെൽഫെയർ കുവൈത്തിൻ്റെ നേതൃത്വത്തിൽ നടന്ന ടേബിൾ ടോക്കിലാണ് പ്രവാസിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങൾ പ്രതിനിധികൾ ഉന്നയിച്ചത്.
നിലവിലെ SIR നടപടികളിലൂടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത് ഭാവിയിൽ പൗരത്വ രേഖകളെപ്പോലും ബാധിക്കാൻ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. വോട്ടർ പട്ടിക പുതുക്കലിനായി നൽകിയിട്ടുള്ള സമയപരിധി അപര്യാപ്തമാണെന്നും, നിലവിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും ഈ പ്രക്രിയയുടെ ഭാഗമാകാൻ ആവശ്യമായ സാവകാശം അനുവദിച്ച് സമയം നീട്ടി നൽകണമെന്നും പ്രതിനിധികൾ കേന്ദ്ര സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു.
ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള ഫോം 6A (Form 6A) പൂരിപ്പിക്കുമ്പോൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങളാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്.
വിദേശരാജ്യങ്ങളിൽ ജനിച്ച പ്രവാസികൾക്ക് അവരുടെ ജനനസ്ഥലം (Place of Birth) രേഖപ്പെടുത്താനുള്ള ഓപ്ഷൻ നിലവിൽ പോർട്ടലിൽ ലഭ്യമല്ലാത്തത് രണ്ടാം തലമുറയിലെ പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ വലിയ തടസ്സമാകുന്നു. സ്വന്തം നാട്ടിലെ രാഷ്ട്രീയ പ്രക്രിയയിൽ പങ്കാളികളാകാനുള്ള പ്രവാസിയുടെ അവകാശം ഇത്തരം അപാകതകൾ മൂലം ഇല്ലാതാകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
SIR നടപടികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം നടത്താനും അർഹരായ എല്ലാ പ്രവാസികളും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതോടൊപ്പം വിവിധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് തത്സമയ വിവര കൈമാറ്റത്തിനായി ഒരു വാട്സ്ആപ്പ് കൂട്ടായ്മയും രൂപീകരിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ച ചർച്ചയിൽ ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതം പറഞ്ഞു. സെക്രട്ടറി അൻവർ ഷാജി മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. അമീർ, ബിനോയ് ചന്ദ്രൻ (OICC ജനറൽ സെക്രട്ടറി), അസീസ് തിക്കോടി (KMCC), സാബിഖ് യൂസഫ് (KIG കുവൈറ്റ്), മുഹമ്മദ് ഹുസൈൻ, ജസീർ (ഹുദ സെന്റർ), ഷറഫുദ്ദീൻ, ബഷീർ (KKMA), ഷൈൻ ബാബു (വയനാട് അസോസിയേഷൻ ട്രഷറർ), അഷ്റഫ് യു. നബീൽ (ഇന്ത്യൻ ഇസ്ലാഹി സെൻറർ), ലായിക് (പ്രവാസി വെൽഫയർ വൈസ് പ്രസിഡന്റ്), ഫൈസൽ വടക്കേകാട്, നയീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി നന്ദി രേഖപ്പെടുത്തി.
































