തിരുവനന്തപുരം: കൊറോണ വൈറസ് ഇന്ത്യയിലേക്ക്. രാജ്യത്തെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ. ചൈനീസ് രാജ്യമായ വുഹാനിൽ നിന്നെത്തിയ കേരളത്തിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർഥിനിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.
നിലവിൽ ഐസോലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുന്ന വിദ്യാര്‍ഥി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. തൃശ്ശൂർ ജനറൽ ആശുപത്രിയിലായിരുന്ന കുട്ടിയെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷം ആരോഗ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തു. നിലവിൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത വേണമെന്നുമാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് പ്രതിരോധ സംവിധാനങ്ങളൊക്കെ സുസജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.