കൊവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് അദാര്‍ പൂനാവാല

ദില്ലി: രാജ്യത്ത് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനും അടിയന്തര ഉപയോഗത്തിന് ഡിജിസിഐ അനുമതി ലഭിച്ചതിന് പിന്നാലെ വാക്‌സിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍ 100 ശതമാനം സുരക്ഷിതാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളുമായി കരാറുണ്ടെങ്കിലും വിദേശരാജ്യങ്ങളിലേക്ക് വാക്സിൻ ഉടനടി കയറ്റി അയയ്ക്കുന്നില്ല. കുറച്ച് ആഴ്ചകള്‍ക്ക് ശേഷമേ കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ കമ്പനി സമീപിക്കു. 68 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കൈപ്പറ്റാന്‍ സാധിക്കുന്നിടത്ത് അത് കമ്പനി എത്തിക്കുമെന്നും പൂനാവാല പറഞ്ഞു. നിലവില്‍ 4-5 കോടി വാക്‌സിനുകള്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ടെന്നും മിനിറ്റില്‍ 5000ഓളം വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
.അഞ്ച് കോടി കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ഡിജിസിഐ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
.