രണ്ടാംഘട്ട ഡ്രൈ റൺ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ രണ്ടാംഘട്ട കോവിഡ് വാക്‌സിൻ ഡ്രൈ റൺ ഇന്ന്. 14 ജില്ലയിലെ 46 കേന്ദ്രത്തിൽ രാവിലെ ഒമ്പതുമുതൽ 11 വരെയാണ് ഡ്രൈ റൺ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം പങ്കെടുക്കും.

കഴിഞ്ഞ ശനിയാഴ്‌ച നാല്‌ ജില്ലയിലെ ആറ്‌ ആരോഗ്യകേന്ദ്രത്തിൽ ഡ്രൈ റൺ നടത്തിയിരുന്നു. കേരളം എപ്പോൾ വേണമെങ്കിലും കോവിഡ് വാക്‌സിനേഷന് സജ്ജമാണൈന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതുവരെ 3,51,457 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരും‌. സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ജീവനക്കാരുടെയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടെയും രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.

ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുക.